ക്രൊയേഷ്യയെ എതിരില്ലാത്ത ആറ് ഗോളുകള്‍ക്ക് തകര്‍ത്ത് സ്‌പെയിന്‍

എല്‍ഷേ: യുവേഫ നേഷന്‍സ് കപ്പ് ഫുട്‌ബോളില്‍ ലോകകപ്പ് ഫൈനലിസ്റ്റുകളായ ക്രൊയേഷ്യയെ എതിരില്ലാത്ത ആറ് ഗോളുകള്‍ക്ക് തകര്‍ത്ത് സ്‌പെയിന്‍ വിജയഗാഥ. സൂപ്പര്‍ താരങ്ങളായ മോഡ്രിച്ചും റാക്കിറ്റിച്ചും പെരിസിച്ചും അടങ്ങിയ ക്രൊയേഷ്യയെ ആണ് സ്‌പെയിന്‍ ആറ് ഗോളില്‍ മുക്കിക്കളഞ്ഞത്.

കളിയുടെ 24-ാം മിനിറ്റിലായിരുന്നു ആതിഥേയരായ സ്‌പെയിനിന്റെ ആദ്യ ഗോള്‍. ഡാനിയേല്‍ കര്‍വജല്‍ നീട്ടിനല്‍കിയ ക്രോസില്‍ നിന്ന് സൗള്‍ നിഗ്വസ് ക്രൊയേഷ്യയുടെ വല കുലുക്കി. മാര്‍ക്കോ അസെന്‍സിയോ നേടിയ ഗോളിനൊപ്പം ഒരു സെല്‍ഫ് ഗോള്‍ കൂടി കിട്ടിയതോടെ ആദ്യ പകുതിയില്‍ സ്‌കോര്‍ 3-0.

രണ്ടാം പകുതിയില്‍ റോഡിഗ്രോ മോറന്‍സോ വലതുകാല്‍ ഷോട്ടിലൂടെ സ്പാനിഷ് പടയുടെ ഗോള്‍വേട്ട തുടര്‍ന്നു. ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസ്, എസ്‌കോ എന്നവരുടെ വകയായിരുന്നു ബാക്കി രണ്ടുഗോള്‍.

പുതിയ പരിശീലകന്‍ ലൂയീസ് എന്‍ റിക്വെയുടെ കീഴില്‍ സ്‌പെയിനിന്റെ തുടര്‍ച്ചയായ രണ്ടാം ജയമാണിത്. ആദ്യ മത്സരത്തില്‍ സ്‌പെയിന്‍ ഇംഗ്ലണ്ടിനെയും തോല്‍പ്പിച്ചിരുന്നു. രണ്ട് ജയത്തോടെ ഗ്രൂപ്പ് നാലില്‍ ആറ് പോയിന്റുമായി സ്‌പെയിന്‍ ഒന്നാം സ്ഥാനത്താണ്.

SHARE