പഴയ സീലിന്റെ സ്ഥാനത്ത് മറ്റൊരു സീല്‍; വോട്ടിങ് മെഷീനുകള്‍ സൂക്ഷിച്ച മുറിയില്‍ അതിക്രമിച്ചു കടന്നതായി പരാതി

ഉത്തര്‍പ്രദേശിലെ സാംബാലില്‍ ഇവിഎം മെഷീനുകള്‍ സൂക്ഷിച്ചിരുന്ന മുറിയുടെ സീല്‍ തകര്‍ത്തതായി പരാതി. യുപിയിലെ ബദൗന്‍ ലോകസഭാ മണ്ഡലത്തിലെ എസ്പി സ്ഥാനാര്‍ത്ഥി ധര്‍മേന്ദ്ര യാദവാണ് സീല്‍ തകര്‍ന്നെന്ന പരാതിയുമായി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. വോട്ടിങ് മെഷീന്‍ സൂക്ഷിച്ച ഉത്തര്‍പ്രദേശിലെ സാംബാനിലെ സ്‌ടോംങ് റൂമിന്റെ സീല്‍ തകര്‍ത്തെന്നാണ് പരാതി.

സ്‌ട്രോങ് റൂമിന് പുറത്തുള്ള ഡോറിന്റെ നെറ്റ് വലിച്ചുപൊട്ടിച്ചതായി വ്യക്തമാണെന്ന് ധര്‍മേന്ദ്ര യാദവ് പരാതിയില്‍ പറയുന്നു. അതിന്റെ വീഡിയോ ഫൂട്ടേജുകള്‍ കൈവശമുണ്ട്. ഗേറ്റില്‍ സ്ഥാപിച്ചിരുന്ന സീലും തകര്‍ത്ത നിലയിലാണ്. എന്നാല്‍ പഴയ സീലിന്റെ സ്ഥാനത്ത് ഇപ്പോള്‍ മറ്റൊരു സീലാണ് ഉള്ളതെന്നും അദ്ദേഹം പരാതിയില്‍ വ്യക്തമാക്കി. സൂക്ഷിപ്പ് റൂമിന്റെ സീല്‍ തകര്‍ത്ത ശേഷം ചിലര്‍ അകത്തുകടന്നിട്ടുണ്ടെന്നും സംഭവത്തില്‍ അന്വേഷണം വേണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.

മൂന്നാംഘട്ട പോളിങിന് ശേഷം എല്ലാ പാര്‍ട്ടി പ്രതിനിധികളുടെയും സാന്നിദ്ധ്യത്തില്‍ ഏപ്രില് 24ന് മൂന്നുമണിക്കാണ് മുറി സീല്‍ വച്ച് പൂട്ടിയത്. എന്നാല്‍ ആ സീല്‍ ഇപ്പോള്‍ അവിടെയില്ലെന്നും ഇലക്ട്രോണിക്ക് മെഷീനില്‍ കൃത്രിമം നടത്തിയതായി സംശയിക്കുന്നെന്നും എസ്പി സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് ഏജന്റ് അജയ് കുമാര്‍ പറഞ്ഞു.

അതസമയം പരാതി വളരെ ലാഘവത്തോടെയാണ് അധികൃതര്‍ കാണുന്നത്. സീല്‍ തകര്‍ന്നതിന് പിന്നില്‍ ഏതെങ്കിലും പക്ഷികളാകാമെന്നാണ് അവരുടെ വാദം. വാതിലിന് പുറത്തുണ്ടായിരുന്ന കമ്പി വല പക്ഷികള്‍ കടിച്ചുപൊട്ടിച്ചതാകാമെന്നാണ് ഇവര്‍ പറയുന്നു്.