ജോളി മറ്റു രണ്ടു കുട്ടികളെ കൂടി കൊല്ലാന്‍ ശ്രമിച്ചെന്ന് പൊലീസ്

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളി ജോസഫ് രണ്ട് കുട്ടികളെക്കൂടി കൊല്ലാന്‍ ശ്രമിച്ചിരുന്നെന്ന് എസ്.പി കെ.ജി സൈമണ്‍. തഹസില്‍ദാര്‍ ജയശ്രീയുടെ മകളെയും ആദ്യഭര്‍ത്താവ് റോയ് തോമസിന്റെ സഹോദരി റെഞ്ചിയുടെ മകളെയുമാണ് കൊല്ലാന്‍ ശ്രമിച്ചത്. അത് പാളിപ്പോവുകയായിരുന്നു. ഒന്നര വയസ്സുള്ളപ്പോഴാണ് ജയശ്രീയുടെ മകളെ ജോളി കൊല്ലാന്‍ ശ്രമിച്ചതെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം.

ഗുരുതരമായ സ്ഥിതിയിലേക്കാണ് കേസ് പോകുന്നതെന്നും, ഇപ്പോള്‍ പിടികൂടിയത് കൊണ്ടാണ് കൊലപാതക പരമ്പര ഇവിടെ അവസാനിച്ചതെന്നും എസ്.പി കെ.ജി സൈമണ്‍ പറഞ്ഞു. ”സത്യം പറഞ്ഞാല്‍ ഇത് വല്ലാത്ത സംഭവമാണ്. സീരിയസ് കേസാണ്. എല്ലാ തരത്തിലും കേസുകള്‍ അന്വേഷിച്ച് വരികയാണ്. രണ്ട് വീടുകളിലെ കുട്ടികളെക്കൂടി ജോളി കൊല്ലാന്‍ ശ്രമിച്ചിട്ടുണ്ട്. മുന്‍ കോണ്‍ഗ്രസ് നേതാവായിരുന്ന രാമകൃഷ്ണന്റെ മകന്‍ രോഹിത് നല്‍കിയ പരാതിയും ഗൗരവതരമായിത്തന്നെ അന്വേഷിക്കും” എന്ന് കെ.ജി സൈമണ്‍.

തഹസില്‍ദാര്‍ ജയശ്രീ കൂടി അറിഞ്ഞുകൊണ്ടാണ് വ്യാജ ഒസ്യത്തിന്റെ അടിസ്ഥാനത്തില്‍ റോയ് തോമസിന്റെ അച്ഛന്‍ ടോം തോമസിന്റെ സ്ഥലത്തിന്റെ വസ്തുവിന്റെ നികുതി അടച്ച രശീതിയടക്കം ജോളി സ്വന്തമാക്കിയതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. പല സാമ്പത്തിക ഇടപാടുകളിലും ജോളിയുമായി ജയശ്രീക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. ജയശ്രീക്ക് വേണ്ടി എന്ന് പറഞ്ഞാണ് ജോളി ജ്വല്ലറി ജീവനക്കാരനായ മാത്യുവില്‍ നിന്ന് സയനൈഡ് വാങ്ങുന്നത്. ജയശ്രീയുടെ വീട്ടിലെ പട്ടിയെ കൊല്ലാനാണ് സയനൈഡ് എന്നാണ് പറഞ്ഞത്. ജയശ്രീയും തന്നോട് നേരിട്ട് സയനൈഡ് തരണം എന്നാവശ്യപ്പെട്ടിരുന്നു. എത്ര അളവില്‍ കൊടുത്തു എന്ന കാര്യം മാത്യു ഓര്‍ക്കുന്നില്ലെന്നും പൊലീസിന് മൊഴി നല്‍കിയിരുന്നു.

SHARE