ഗല്‍വാന്‍ താഴ്‌വരയുടെ പരമാധികാരം തങ്ങള്‍ക്കു തന്നെ; പ്രകോപനം നിര്‍ത്താതെ ചൈന

ബെയ്ജിങ്: ഗല്‍വാന്‍ താഴ്‌വരയുടെ പരമാധികാരം തങ്ങള്‍ക്കു തന്നെയെന്ന് വീണ്ടും ചൈന. അതിര്‍ത്തിയില്‍ ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള സംഘര്‍ഷം പുകഞ്ഞു നില്‍ക്കെയാണ് ചൈന പ്രകോപനപരമായ നിലപാടുമായി വീണ്ടും രംഗത്തെത്തിയത്. വാര്‍ത്താ സമ്മേളനത്തില്‍ വിദേശ കാര്യ വക്താവ് ലിജിയാന്‍ ഴാവു ആണ് അവകാശ വാദം ഉന്നയിച്ചത്.

‘ഗല്‍വാന്‍ താഴ്‌വരയിലെ പരമാധികാരം എല്ലാ കാലത്തും ചൈനയുടേത് ആയിരുന്നു. ഇന്ത്യന്‍ സേന ഞങ്ങളുടെ അതിര്‍ത്തിയിലേക്ക് അതിര്‍ത്തി പ്രൊട്ടോകോളും കമാന്‍ഡല്‍ തല അഭിപ്രായ സമന്വയവും ലംഘിച്ച് ഗുരുതരമായ കടന്നു കയറ്റം നടത്തുകയായിരുന്നു’ – എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.

‘ഇന്ത്യന്‍ സേനയോട് അച്ചടക്കം പുലര്‍ത്താന്‍ ഞങ്ങള്‍ ആവശ്യപ്പെടുന്നു. പ്രകോപന പ്രവൃത്തികളും നുഴഞ്ഞുകയറ്റവും നിര്‍ത്തണം. സംഭാഷണത്തിലൂടെ എല്ലാ കാര്യവും പരിഹരിക്കാം’ – അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ലൈന്‍ ഓഫ് ആക്ച്വല്‍ കണ്‍ട്രോളിലാണ് ഗല്‍വാന്‍ താഴ്‌വര. ചൈനയുടെ നിയന്ത്രണത്തിലുള്ള ഇന്ത്യന്‍ പ്രദേശം അക്‌സായി ചിന്നിനും അടുത്താണിത്.

അതിനിടെ, ആസൂത്രിതമായ ആക്രമണമാണ് ഗല്‍വാനില്‍ നടന്നതെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പറഞ്ഞു. 20 ഇന്ത്യന്‍ സൈനികരുടെ ജീവന്‍ നഷ്ടമായ സംഘര്‍ഷത്തിന് ശേഷം ഇന്ത്യ-ചൈന വിദേശകാര്യ മന്ത്രിമാര്‍ തമ്മില്‍ ബുധനാഴ്ച നടന്ന ടെലിഫോണ്‍ ചര്‍ച്ചയ്ക്ക് പിന്നാലെ മന്ത്രാലയം പുറത്തിറക്കിയ ഔദ്യോഗിക വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

അതിര്‍ത്തിയിലെ സംഘര്‍ഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ബാധിക്കുമെന്നും ഇന്ത്യ ചൈനയ്ക്ക് മുന്നറിയിപ്പ് നല്‍കി. ഇക്കാര്യം ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യീയെ ടെലിഫോണിലൂടെ അറിയിച്ചതായും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. യഥാര്‍ഥ നിയന്ത്രണരേഖയില്‍ മാറ്റം വരുത്തരുതെന്ന ധാരണ ചൈന ലംഘിച്ചെന്നും ഇത് ചൈന മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതി പ്രകാരമുള്ള ആക്രമണമാണെന്നും ഇന്ത്യ കുറ്റപ്പെടുത്തി.