പുതിയ കേസുകളില്‍ വര്‍ദ്ധന; രണ്ടാം തരംഗ ഭീതിയില്‍ ദക്ഷിണ കൊറിയ

സിയോള്‍: പുതിയ 34 കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ദക്ഷിണ കൊറിയ കോവിഡിന്റെ രണ്ടാം തരംഗ ഭീതിയിലേക്ക് നീങ്ങുന്നതായ സൂചന. കൊറിയ സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം
34 പുതിയ കൊറോണ വൈറസ് കേസുകളാണ് ദക്ഷിണ കൊറിയയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

പുതിയ 34 രോഗികളില്‍ 26 പേര്‍ക്കും പ്രാദേശികമായി പകര്‍ന്നതാണെന്നും മറ്റുള്ളവര്‍ വിദേശത്തുനിന്നും എത്തിയവാരാണെന്നും ഏജന്‍സി അറിയിച്ചു. ഒരു മാസത്തിനിടെ ആദ്യമായാണ് ഒറ്റദിവസത്തില്‍ 30 ന് മുകളില്‍ റിപ്പോര്‍ട്ട് വരുന്നത്.

കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത മിക്ക കേസുകളും സിയോളിലെ ഇറ്റാവോണ്‍ വിനോദ പരിസരത്തെ നൈറ്റ്ക്ലബുകളുമായി ബന്ധിപ്പിച്ചിരിക്കുന്നതായാണ് റിപ്പോര്‍ട്ട്. 29 കാരനായ ഒരാള്‍ കഴിഞ്ഞയാഴ്ച പോസിറ്റീവ് പരീക്ഷിക്കുന്നതിന് മുമ്പ് മൂന്ന് ക്ലബ്ബുകള്‍ സന്ദര്‍ശിച്ചിരുന്നുതായും റിപ്പോര്‍ട്ടുണ്ട്. ഇതോടെ തലസ്ഥാന നഗരത്തിലുടനീളം ബാറുകളും ക്ലബ്ബുകളും അടച്ചുപൂട്ടാന്‍ ദക്ഷിണ കൊറിയ നിര്‍ബന്ധിതരായിരിക്കുകയാണ്.

നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി ദിവസങ്ങള്‍ക്കുള്ളിലാണ് നഗരത്തിലെ 2100ലധികം നിശാ ക്ലബ്ബുകള്‍ അടച്ചുപൂട്ടാന്‍ സിയോള്‍ മേയര്‍ ഉത്തരവിട്ടിരിക്കുന്നത്. ഇത് കോവിഡിന്റെ രണ്ടാം തരംഗ ഭീതിയെ സൂചിപ്പിക്കുന്നതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു. കൊറോണ പ്രതിരോധത്തിനായിട്ടാണ് വളരെയധികം ആളുകള്‍ ഇടപഴകുന്ന നിശാ ക്ലബ്ബുകള്‍, ബാര്‍ റെസ്റ്റോറന്റുകള്‍ , ഡിസ്‌കോ കേന്ദ്രങ്ങള്‍ എന്നിവ അടക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. ഇന്നലെയോടെ കര്‍ശനമായ നിയമമാണ് സിയോളടക്കമുള്ള പ്രധാന നഗരങ്ങളിലെല്ലാം നടപ്പാക്കിയതെന്ന് സിയോള്‍ മേയര്‍ പാര്‍ക് വോണ്‍ സൂണ്‍ അറിയിച്ചു. എല്ലായിടത്തും തെര്‍മല്‍ സ്‌കാനറും കൊറോണ പ്രതിരോധ ഉപകരണങ്ങളും വ്യാപകമാക്കിയാണ് കൊറിയയുടെ നീക്കം.

കോവിഡ് സ്ഥിരീകരിച്ച 29 കാരനുമായി ബന്ധപ്പെട്ട 1,510 പേരെ കണ്ടെത്താനും പരിശോധിക്കാനും ആരോഗ്യ അധികൃതര്‍ രംഗത്തിറങ്ങിയതായും റിപ്പോര്‍ട്ടുണ്ട്.

പുതിയ അണുബാധകള്‍ സ്ഥിരീകരണ ഘട്ടത്തില്‍, എപ്പോള്‍ വേണമെങ്കിലും കോവിഡിന്റെ സമാനമായ സാഹചര്യങ്ങള്‍ വീണ്ടും ഉണ്ടാകാമെന്ന് പ്രസിഡന്റ് മൂണ്‍ ജെയ്-ഇന്‍ ഞായറാഴ്ച പറഞ്ഞു. വൈറസിനോടുള്ള കരുതലും ജാഗ്രതയും ഒരിക്കലും കുറയരുതെന്നും അദ്ദേഹം പറഞ്ഞു. രാജ്യം പൂര്‍ണ്ണമായി മുക്തി നേടുന്നതുവരെ അതവസാനിക്കുന്നില്ലെന്നും അ്‌ദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചൈനയിലെ വുഹാനുണ്ടായ പ്രാരംഭ കോവിഡ് പൊട്ടിത്തെറിക്ക് പിന്നാലെ ആദ്യ ഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ നാശം വിതച്ച രാജ്യമായിരുന്നു ദക്ഷിണ കൊറിയ. എന്നാല്‍ സ്ഥിതി നിയന്ത്രണവിധേയമാക്കാന്‍ രാജ്യം അതിവേഗം പ്രവര്‍ത്തിച്ചിരുന്നു, മാത്രമല്ല കോവിഡിനെതിരെ ദക്ഷിണ കൊറിയ സ്വീകരിച്ച പ്രതിരോധ നടപടിയും നിയന്ത്രണ തന്ത്രവും ലോകത്താകെ പരക്കെ അംഗീകരിക്കപ്പെട്ടിരുന്നു.

പുതിയ 34 കേസുകള്‍ കൂടി ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്തതോടെ ദക്ഷിണ കൊറിയയില്‍ കോവിഡ് -19 മൊത്തം അണുബാധകളുടെ എണ്ണം 10,874 ആയി. കൊറിയ സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 256 മരണങ്ങളും റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്.

SHARE