ഫലസ്തീന് പിന്തുണയുമായി വീണ്ടും അയര്‍ലാന്റ്; സൗത്ത് ഡബ്ലിന്‍ കൗണ്ടി ഹാളിനു മുകളില്‍ ഒരു മാസം ഫലസ്തീന്‍ പതാക പാറും

സൗത്ത് ഡബ്ലിന്‍ കൗണ്ടി ഹാള്‍

ഡബ്ലിന്‍: ഇസ്രാഈല്‍ അതിക്രമത്തില്‍ വീര്‍പ്പുമുട്ടുന്ന ഫലസ്തീന്‍ ഐക്യദാര്‍ഢ്യവുമായി അയര്‍ലാന്റിലെ സൗത്ത് ഡബ്ലിന്‍ കൗണ്ടി. ഫലസ്തീന്‍ ജനതയോടുള്ള ആഭിമുഖ്യത്തിന്റെ സൂചനയായി ഫലസ്തീന്‍ പതാക കൗണ്ടി ഹാളിനു മുകളില്‍ ഒരു മാസം പ്രദര്‍ശിപ്പിക്കാന്‍ സൗത്ത് ഡബ്ലിന്‍ കൗണ്ടി കൗണ്‍സില്‍ തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട് സിന്‍ ഫീന്‍ കൗണ്‍സിലര്‍ എന്‍ഡ ഫാനിങ് അവതരിപ്പിച്ച പ്രമേയം കൗണ്ടി കൗണ്‍സിലില്‍ ഭൂരിപക്ഷം നേടുകയായിരുന്നു. പ്രമേയത്തിന് എതിരായി ഒരു അംഗം പോലും വോട്ട് ചെയ്തില്ലെന്നത് ശ്രദ്ധേയമായി.

ഇതാദ്യമായല്ല അയര്‍ലാന്റിലെ തദ്ദേശീയ സ്ഥാപനങ്ങള്‍ ഫലസ്തീന്‍ അനുകൂല പ്രമേയം പാസാക്കുന്നത്. ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍, ഗല്‍വേ കൗണ്ടി കൗണ്‍സില്‍, സ്ലിഗോ കൗണ്ടി കൗണ്‍സില്‍ എന്നിവ നേരത്തെ ഫലസ്തീന്‍ അനുകൂല പ്രമേയം പാസാക്കിയിരുന്നു. ഇവയുടെയെല്ലാം ആസ്ഥാനങ്ങള്‍ക്കു മുകളില്‍ സമീപകാലത്ത് ഫലസ്തീന്‍ പതാക ഉയര്‍ത്തിയിരുന്നു.

‘ഫലസ്തീന്‍ ജനതയോടുള്ള ഐക്യദാര്‍ഢ്യത്തിന്റെ ചെറിയൊരു സൂചന മാത്രമാണിതെ’ന്ന് കൗണ്‍സിലര്‍ എന്‍ഡ ഫാനിങ് പറഞ്ഞു. എപ്പോഴായിരിക്കും കൗണ്ടി ഹാളിനു മുകളില്‍ പതാക ഉയര്‍ത്തുക എന്ന കാര്യം തീരുമാനിച്ചിട്ടില്ല.

കഴിഞ്ഞ മെയ് മാസത്തിലാണ് ഡബ്ലിന്‍ സിറ്റി ഹാളിനു മുകളില്‍ പതാക ഉയര്‍ത്തിയത്. ഇസ്രാഈല്‍ അനുകൂല സംഘടനകള്‍ ശക്തമായി എതിര്‍ത്തെങ്കിലും 42 കൗണ്‍സിലര്‍മാര്‍ പതാക ഉയര്‍ത്തുന്നതിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തുകയായിരുന്നു. 11 പേര്‍ വിട്ടുനിന്നു.