‘ലെവിയും മറ്റ് സര്‍ക്കാര്‍ ഫീസുകളും പുനഃപരിശോധിക്കും’; സൗദി വാണിജ്യ മന്ത്രി

റിയാദ്: സൗദി അറേബ്യയില്‍ ലെവിയും മറ്റ് സര്‍ക്കാര്‍ ഫീസുകളും പുനഃപരിശോധിക്കുമെന്ന് വാണിജ്യ മന്ത്രി മന്ത്രി ഡോ. മാജിദ് അല്‍ഖസബി. വിദേശ തൊഴിലാളികള്‍ക്കും അവരുടെ ആശ്രിതര്‍ക്കുമുള്ള ലെവിയടക്കം വിവിധ മേഖലകളില്‍ ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ ഫീസുകള്‍ പുനഃപരിശോധിക്കുമെന്ന് ഡോ. മാജിദ് അല്‍ഖസബി പറഞ്ഞു. മന്ത്രാലയത്തിന് കീഴിലെ പ്രത്യേക സമിതി ഇത് സംബന്ധിച്ച സമഗ്ര പഠനം നടത്തിവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. നാല് വര്‍ഷം മുമ്പാണ് തൊഴിലാളികള്‍ക്കും അവരുടെ ആശ്രിതരായി സൗദിയില്‍ ഒപ്പം കഴിയുന്നവര്‍ക്കും പ്രതിമാസ ലെവി ഏര്‍പ്പെടുത്തിയത്.

എന്നാല്‍ പിന്‍വലിക്കുമെന്നോ കുറയ്ക്കുമെന്നോ കൂട്ടുമെന്നോ സൂചനകളുണ്ടായിട്ടില്ല. ഫീസും അതേര്‍പ്പെടുത്തിയതിന് ശേഷമുള്ള ഫലങ്ങളുമാണ് പഠനവിധേയമാക്കുന്നത്. ഓരോ വര്‍ഷവും നിരക്ക് വര്‍ധിക്കുന്ന ഘടനയില്‍ ഏര്‍പ്പെടുത്തിയ ലെവി വിദേശികള്‍ക്ക് വലിയ ഭാരമായി മാറുകയും കാലങ്ങളായി സൗദിയില്‍ കഴിഞ്ഞിരുന്ന വിദേശി കുടുംബങ്ങള്‍ നല്ലൊരു പങ്ക് ലെവി താങ്ങാനാവാതെ വിസ റദ്ദ് ചെയ്ത് നാട്ടിലേക്ക് തിരിക്കുകയും ചെയ്തിരുന്നു. മുന്‍നിശ്ചിത തീരുമാനപ്രകാരം 2020ലും ലെവി നിരക്ക് വര്‍ധിക്കും. അതിനിടയിലാണ് പുനഃപരിശോധിക്കും എന്ന മന്ത്രിയുടെ പ്രസ്താവന വന്നിരിക്കുന്നത്.

SHARE