‘എന്തും കാട്ടിക്കൂട്ടാമെന്നു കരുതരുത്’-പൗരത്വ നിയമഭേദഗതിക്കെതിരെ ആര്‍ച്ച് ബിഷപ്പ് സൂസെപാക്യം

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ത്ത് ആര്‍ച്ചുബിഷപ്പ് സൂസെപാക്യം. ജനാധിപത്യ രാജ്യത്തില്‍ ആരോടും വിഭാഗീയത കാട്ടരുതെന്നായിരുന്നു സൂസെപാക്യത്തിന്റെ പ്രതികരണം. തിരുവനന്തപുരം ബിഷപ്പ് ഹൗസില്‍ നടന്ന പ്രസ് മീറ്റിലാണ് സൂസെപാക്യത്തിന്റെ പ്രതികരണം. സഭയിലെ ഭൂരിപക്ഷത്തിന്റെ പേരില്‍ എന്തും കാട്ടിക്കൂട്ടാമെന്ന് കരുതരുതെന്നും സാഹചര്യം വരുമ്പോള്‍ പ്രതിഷേധം കേന്ദ്രത്തെ അറിയിക്കുമെന്നും സൂസെപാക്യം പറഞ്ഞു.

അതേസമയം പൗരത്വ ഭേദഗതി നിയമത്തിന് എതിരെ സുപ്രീംകോടതിയില്‍ നല്‍കിയ അറുപതോളം ഹര്‍ജികളില്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ജനുവരി രണ്ടാം വാരത്തിനുള്ളില്‍ മറുപടി നല്‍കണമെന്നാണ് സുപ്രീംകോടതി നിര്‍ദേശിച്ചിരിക്കുന്നത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധമാണ് അരങ്ങേറുന്നത്.

പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച് നിരവധി പ്രമുഖരാണ് പുരസ്‌കാരങ്ങള്‍ തിരിച്ചുനല്‍കുമെന്ന് വ്യക്തമാക്കിയിട്ടുള്ളത്. ഉറുദു സാഹിത്യകാരന്‍ മുജ്തബ ഹുസ്സൈന്‍ പത്മശ്രീ പുരസ്‌കാരം തിരിച്ച് കൊടുക്കും. ഉറുദു സാഹിത്യകാരന്മാരായ ഷിറിന്‍ ദാല്‍വി, യാക്കൂബ് യവാര്‍ എന്നിവരും മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്ന് കിട്ടിയ സംസ്ഥാന പുരസ്‌കാരങ്ങള്‍ തിരികെ കൊടുക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

SHARE