സൂരജിന്റേത് അമ്മയെയും സഹോദരിയെയും രക്ഷപ്പെടുത്താനുള്ള ശ്രമമെന്ന് ഉത്രയുടെ സഹോദരന്‍

പത്തനംതിട്ട: സൂരജിന്റേത് അമ്മയെയും സഹോദരിയെയും രക്ഷപ്പെടുത്താനുള്ള ശ്രമമെന്ന് ഉത്രയുടെ സഹോദരന്‍. ഉത്ര വധക്കേസില്‍ കുറ്റസമ്മതം നടത്തിയ സൂരജിന്റെ മൊഴി തള്ളി ഉത്രയുടെ സഹോദരന്‍ വിഷു രംഗത്തെത്തുകയായിരുന്നു. പോലീസിന്റെ പഴുതടച്ച അന്വേഷണത്തില്‍ കേസില്‍ നിന്ന് ഇനി രക്ഷപ്പെടാന്‍ കഴിയില്ലെന്ന് ബോധ്യമായപ്പോള്‍ കൂട്ടുപ്രതികളായ സൂരജിന്റെ അമ്മയെയും സഹോദരിയെയും രക്ഷിക്കാനുള്ള ശ്രമമാണ് സൂരജ് നടത്തിയതെന്നും സഹോദരന്‍ പറഞ്ഞു.

അമ്മയുടെയും സഹോദരിയുടെയും കറുത്ത കരങ്ങള്‍ ഉത്രയുടെ മരണത്തിനു പിന്നിലുണ്ടെന്നും ഇവരെയും നിയമത്തിനു മുന്നില്‍ എത്തിക്കാന്‍ നിയമ പോരാട്ടം തുടരുമെന്നും ഉത്രയുടെ സഹോദരന്‍ വിഷു പ്രതികരിച്ചു. ഉത്രവധക്കേസുമായി ബന്ധപ്പെട്ട് വന്യജീവി സംരക്ഷണ നിയമപ്രകാരം വനംവകുപ്പ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ തുടര്‍ നടപടികളുടെ ഭാഗമായി ഒന്നാംപ്രതിയായ സൂരജിനെയും കൂട്ടുപ്രതിയായ സുരേഷിനെയും പറക്കോട്ടെ വീട്ടില്‍ തെളിവെടുപ്പിന് എത്തിച്ചപ്പോഴാണ് ഉത്രയെ കൊലപ്പെടുത്തിയത് താന്‍ തന്നെയാണെന്ന കേസിലെ നിര്‍ണായക വെളിപ്പെടുത്തല്‍ സൂരജ് നടത്തിയത്. മാധ്യമങ്ങള്‍ക്കു മുന്നിലായിരുന്നു സൂരജിന്റെ കുറ്റസമ്മതം.

കരഞ്ഞുകൊണ്ട്, ‘ഞാനാണ് ചെയ്തത്. ചെയ്തു’ എന്നായിരുന്നു സൂരജിന്റെ വാക്കുകള്‍. എന്നാല്‍ എന്തിനാണ് ചെയ്തത് എന്ന് ചോദിച്ചപ്പോള്‍ അങ്ങനയൊന്നുമില്ല എന്നായിരുന്നു പ്രതികരണം. കൊലപാതകത്തിന് പിന്നില്‍ പ്രത്യേക ലക്ഷ്യമുണ്ടായിരുന്നോ എന്ന് ചോദിച്ചപ്പോള്‍ ഇല്ല എന്നായിരുന്നു മറുപടി. കൊല്ലാന്‍ വേണ്ടി തന്നെയാണ് പാമ്പിനെ വാങ്ങിയതെന്നും രണ്ട് പാമ്പുകളെ വാങ്ങിയിട്ടുണ്ടെന്നും സൂരജ് സമ്മതിച്ചു. അതേസമയം കൃത്യത്തില്‍ അച്ഛനും അമ്മയ്ക്കും പങ്കുണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്നും കരഞ്ഞുകൊണ്ട് മറുപടി പറഞ്ഞു.

SHARE