പെണ്‍മക്കളെ കൊണ്ട് പാടം ഉഴുത കര്‍ഷകന് ട്രാക്ടര്‍ സമ്മാനിച്ച് നടന്‍ സോനു സൂദ്; കൈയടി

മുംബൈ: കോവിഡ് കാലത്ത് വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞ് ബോളിവുഡ് നടന്‍ സോനു സൂദ്. ആന്ധ്രയില്‍ പെണ്‍മക്കളെ കൊണ്ട് പാടം ഉഴുത കര്‍ഷകന് ട്രാക്ടര്‍ സമ്മാനിച്ചാണ് വീണ്ടും സോനു വാര്‍ത്തകളില്‍ നിറഞ്ഞത്. സമൂഹ മാധ്യമങ്ങളില്‍ വീഡിയോ വൈറലായതോടെയാണ് സോനു സൂദ് സഹായവുമായി എത്തിയത്. ട്രാക്ടര്‍ എത്തിച്ച് നല്‍കിയ വിവരം താരം തന്നെയാണ ട്വിറ്ററിലൂടെ പങ്കുവച്ചത്.

കാളകളെ വാങ്ങാന്‍ പണമില്ലാത്തതിനാല്‍ പെണ്‍മക്കളുടെ സഹായത്തോടെ പാടം ഉഴുത കര്‍ഷകന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഈ വീഡിയോ റീട്വീറ്റ് ചെയ്താണ് സോനുവിന്റെ പ്രതികരണം. ഈ കുടുംബത്തിന് ഒരു ജോടി കാളകളെയല്ല ആവശ്യമെന്നും ട്രാക്ടര്‍ ആണ് ആവശ്യമെന്നും സോനു കുറിച്ചു. ഇതിന് പിന്നാലെ ഇദ്ദേഹത്തന് നടന്‍ ട്രാക്ടര്‍ സമ്മാനിക്കുകയും ചെയ്തു.

ആന്ധ്രയിലെ ചിറ്റൂരിലുള്ള വി. നാഗേശ്വര റാവു എന്നയാള്‍ക്കാണ് സോനു സഹായം നല്‍കിയത്. ചിറ്റൂരില്‍ ചായക്കട നടത്തുകയായിരുന്നു ഇദ്ദേഹം. ഇതില്‍ നിന്ന് കിട്ടുന്ന വരുമാനത്തിലൂടെ കുടുംബം പുലര്‍ത്തിയിരുന്നു എങ്കിലും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ജീവിതം വഴിമുട്ടി. അദ്ദേഹത്തിന് നാട്ടിലേക്ക് മടങ്ങേണ്ടി വന്നു. നാട്ടിലെത്തിയ നാഗേശ്വര റാവു നിലക്കടല കൃഷി ചെയ്യാന്‍ തീരുമാനിച്ചു.

എന്നാല്‍ നിലം ഉഴുതാന്‍ കാളകളെ വാങ്ങാനോ ജോലിക്കാരെ നിര്‍ത്താനോ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. ഇതോടെയാണ് രണ്ട് പെണ്‍മക്കളും ചേര്‍ന്ന് നിലം ഉഴുതാന്‍ തീരുമാനിച്ചത്. ഈ വീഡിയോ ആണ് വൈറലായിരുന്നത്.

ലോക്ക്ഡൗണ്‍ കാലത്ത് കുടുങ്ങിയ കുടിയേറ്റ തൊഴിലാളികളെ സഹായിച്ചും സോനു നേരത്തെ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ആയിരക്കണക്കിന് തൊഴിലാളികളെയാണ് ഇദ്ദേഹം വിമാനം, തീവണ്ടി, ബസ് മാര്‍ഗങ്ങളില്‍ സ്വന്തം ഗ്രാമങ്ങളില്‍ എത്തിച്ചിരുന്നത്.

SHARE