സിനിമയിലല്ല, യഥാര്‍ത്ഥ ജീവിതത്തിലെ ഹീറോ; കുതിച്ചുയര്‍ന്ന് സോനു സൂദിന്റെ ജനപ്രീതി- സല്‍മാന്‍ ഖാന്‍ പോലും പിന്നില്‍

മുംബൈ: സോനു സൂദിന്റെ ഹെല്‍പ് ലൈന്‍ നമ്പര്‍ ഏതാണ്? സോനു സൂദ് ബസ് സംഘടിപ്പിക്കുന്നു, സോനു സൂദ് കുടിയേറ്റ തൊഴിലാളികളെ സഹായിക്കുന്നു- മറ്റൊന്നുമല്ല, കഴിഞ്ഞ ഏതാനും ദിവസമായി ഇന്ത്യയ്ക്കാര്‍ ഏറ്റവും കൂടുതല്‍ ഇന്റര്‍നെറ്റില്‍ തെരയുന്ന വാക്കുകളില്‍പ്പെട്ടവയാണ് ഇതെല്ലാം.

യഥാര്‍ത്ഥ ജീവിതത്തില്‍ ഹീറോയാണ് എന്ന് തെളിയിക്കുകയാണ് സിനിമയില്‍ പലപ്പോഴും വില്ലനായി വേഷമിട്ട ബോളിവുഡ് താരം സോനു സൂദ്. തിങ്കളാഴ്ച മാത്രം താനെയില്‍ നിന്ന് ബിഹാറിലേക്കും ഉത്തര്‍പ്രദേശിലേക്കും ആയിരക്കണക്കിന് കുടിയേറ്റ തൊഴിലാളികളെയാണ് ഇദ്ദേഹം ട്രയിന്‍ കയറ്റിയയച്ചത്. യാത്രയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കായി താരം റെയില്‍വേ സ്‌റ്റേഷനില്‍ നേരിട്ടെത്തിയിരുന്നു. മഹാരാഷ്ട്ര സര്‍ക്കാറുമായി ചേര്‍ന്നായിരുന്നു സോനുവിന്റെ ഉദ്യമം.

കോവിഡ് കാലത്ത് ജനപ്രീതിയില്‍ സാക്ഷാല്‍ സല്‍മാന്‍ ഖാനെ പോലും കടത്തിവെട്ടിയിരിക്കുകയാണ് ഈ നാല്‍പ്പത്തിയാറുകാരന്‍. കഴിഞ്ഞ ഏഴു ദിവസത്തെ ഗൂഗ്ള്‍ ട്രന്‍ഡില്‍ സല്‍മാനേക്കാള്‍ ഏറെ മുകളിലാണ് സൂദിന്റെ ജനപ്രീതി. മണിപ്പൂര്‍, ജമ്മു കശ്മീര്‍, അസം, ആന്ധ്രപ്രദേശ്, ബിഹാര്‍ എന്നിവിടങ്ങളില്‍ നി്ന്നാണ് കൂടുതല്‍ സെര്‍ച്ചുകളുള്ളത്.

ഈയിടെ കെ.ആര്‍.കെ എന്നറിയപ്പെടുന്ന കമാല്‍ ആര്‍ ഖാന്‍ ട്വിറ്ററില്‍ രസകരമായ ഒരു പോള്‍ നടത്തുകയുണ്ടായി. ഒരേ ദിവസം സല്‍മാന്‍ ഖാന്റെയും സോനു സൂദിന്റെയും ചിത്രങ്ങള്‍ റിലീസ് ആയാല്‍ നിങ്ങള്‍ ഏതു കാണാന്‍ പോകും എന്നായിരുന്നു കെ.ആര്‍.കെയുടെ ചോദ്യം. 65 ശതമാനം പേരും പറഞ്ഞത് തങ്ങള്‍ സോനുവിന്റെ സിനിമ കാണും എന്നായിരുന്നു. സല്‍മാന് കിട്ടിയത് 35 ശതമാനം പേരുടെ പിന്തുണ മാത്രം.

ലോക്ക്ഡൗണിന് പിന്നാലെ, തെരുവുകളില്‍ കുടുങ്ങിയ കുടിയേറ്റ തൊഴിലാളികളെ ആദ്യം ബസ് വഴിയാണ് സോനു സൂദ് കയറ്റി അയച്ചത്. ട്രയിന്‍ പുനരാരംഭിച്ചതോടെ താരം അതുവഴിയുള്ള യാത്രയ്ക്കും സൗകര്യം ഒരുക്കുകയായിരുന്നു. കഴിഞ്ഞ ദിവസം കേരളത്തില്‍ കുടുങ്ങിയ 170 ഒഡിയ പെണ്‍കുട്ടികളെ വിമാനം വഴിയാണ് അദ്ദേഹം നാട്ടിലെത്തിച്ചത്.

അതിനിടെ, കോവിഡ് പ്രതിസന്ധിയില്‍ സല്‍മാന്‍ ഖാനും ദരിദ്രങ്ങള്‍ക്ക് സഹായമെത്തിക്കുന്നുണ്ട്. ഈയിടെ സല്‍മാന്റെ ഫാം ഹൗസില്‍ നിന്ന് അടുത്തുള്ള വീടുകളിലേക്ക് കാളവണ്ടിയിലും ലോറികളിലും റേഷന്‍ സാധനങ്ങള്‍ എത്തിച്ചിരുന്നു. ഇതിന് പുറമേ, സിനിമാ വ്യവസായവുമായി ബന്ധപ്പെട്ട 25000 കുടുംബങ്ങള്‍ക്ക് അദ്ദേഹം സാമ്പത്തിക പിന്തുണ നല്‍കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു.