ഡല്‍ഹിയിലെ സെക്‌സ് റാക്കറ്റും; ഗീത അറോറ എന്ന സോനു പഞ്ചാബനും-അറിയേണ്ടതെല്ലാം

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ ഏറ്റവും വലിയ സെക്‌സ് റാക്കറ്റ് സംഘത്തിന്റെ നേതാവും കുപ്രസിദ്ധയുമായ സോനു പഞ്ചാബന് (ഗീത അറോറ) 24 വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിച്ചു കോടതി.
പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ലൈംഗികത്തൊഴിലിന് സോനു നിര്‍ബന്ധിച്ചെന്ന കേസിലാണ് ഡല്‍ഹി ദ്വാരക ജില്ലാ കോടതി ബുധനാഴ്ച ശിക്ഷവിധിച്ചത്. 64000 രൂപ പിഴയും അഡീഷണല്‍ സെക്ഷന്‍സ് ജഡ്ജ് പ്രീതം സിംഗ് വിധിച്ചിട്ടുണ്ട്.

ഇവരുടെ കൂട്ടാളിയായ സന്ദീപ് ബേഡ്വലിന് 20 വര്‍ഷത്തെ തടവും 65000 രൂപ പിഴയും കോടതി വിധിച്ചു. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്‌തെന്നതാണ് സന്ദീപിനെതിരേയുള്ള കുറ്റം. പെണ്‍കുട്ടിയുടെ മൗലിക അവകാശങ്ങള്‍ പ്രതികള്‍ നിഷേധിച്ചതായും കോടതി കണ്ടെത്തി. പോക്‌സോ ആക്ടിന്റെ അടിസ്ഥാനത്തിലാണ് ശിക്ഷ വിധിച്ചത്. പെണ്‍കുട്ടിക്ക് ഏഴുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.

2013-ലാണ് കേസിനാസ്പദമായ സംഭവം. 12 വയസ്സുള്ള പെണ്‍കുട്ടിയെയാണ് തട്ടിക്കൊണ്ടുപോയി ലൈംഗികത്തൊഴിലിന് ഇരയാക്കിയത്. 2017 ഡിസംബറിലാണ് സോനുവും സന്ദീപും അറസ്റ്റിലായത്.

അതിക്രൂരമായ പ്രവൃത്തിയാണ് പ്രതികള്‍ ചെയ്തതെന്നും കഠിനമായ ശിക്ഷ ഇവര്‍ അര്‍ഹിക്കുന്നുണ്ടെന്നും കോടതി നിരീക്ഷിച്ചു. ക്രൂരതയുടെ മനുഷ്യരൂപമാണ് സോനുവെന്ന് വിധി പ്രഖ്യാപിക്കുന്നതിനിടെ കോടതി പരാമർശിച്ചു. പ്രായപൂർത്തിയാകാത്ത കുട്ടികളെ വിൽക്കുക മാത്രമല്ല അവരെ തന്റെ ഇംഗിതങ്ങൾക്ക് വഴങ്ങുന്നതിനായി ഇവർ ക്രൂരമായി ഉപദ്രവിച്ചിരുന്നു. എതിര്‍ക്കാതിരിക്കാനായി സോനു ഇരയുടെമേല്‍ ബലമായി മയക്കുമരുന്ന് കുത്തിവച്ചാണ് പുരുഷൻമാരുടെ അടുത്തെത്തിച്ചിരുന്നത്. ആവശ്യങ്ങള്‍ക്ക് വഴങ്ങാന്‍വേണ്ടി എതിർക്കുന്ന കുട്ടികൾക്ക് നേരെ മുളക് പൊടി അടക്കം പ്രയോഗിച്ചു. ആഗ്രഹങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കണമെന്നും അല്ലെങ്കില്‍ ക്രൂരത നേരിടേണ്ടിവരുമെന്നുമുള്ള ഭീതി സൃഷ്ടിക്കാന്‍വേണ്ടിയായിരുന്നു ഇത്. ഇത്തരം സംസ്കാരശൂന്യമായ പ്രവർത്തികളിൽ ഏർപ്പെട്ട സോനു സാമൂഹിക ജീവിതം നയിക്കാൻ യോഗ്യയല്ലെന്നും ജയിലിന്റെ നാല് ചുവരുകൾക്കുള്ളിൽ ജീവിതം തള്ളിനീക്കുന്നതാണ് മികച്ചതെന്നും കോടതി പറഞ്ഞു.

നിലവില്‍ തിഹാര്‍ ജയിലില്‍ കഴിയുന്ന സോനു അടുത്തിടെ അമിതമായ അളവില്‍ മരുന്നുകഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. എന്നാല്‍, ജയില്‍ അധികൃതര്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചതിനാല്‍ മരിച്ചില്ല.

വര്‍ഷങ്ങളായി നഗരത്തില്‍ വന്‍കിട സെക്‌സ് റാക്കറ്റ് നടത്തിയിരുന്ന സോനുവിന് ഉത്തരേന്ത്യയിലെ ഗുണ്ടാസംഘങ്ങളുമായി അടുത്ത ബന്ധമുണ്ടായിരുന്നു. ചെറിയ പ്രായത്തിൽ ലൈംഗിക ചൂഷണങ്ങൾക്ക് വിധേയയായ സോനു പതിനേഴാം വയസിലാണ് ഹരിയാനയിലെ റോത്തഗിൽ നിന്ന് ഡൽഹിയിലെത്തുന്നത്.

ഇതിനിടെ ഡൽഹിയിലെ അധോലോക നേതാവ് ഹിമാനുവിനെ വിവാഹം കഴിച്ചു. ഇതോടെ ഗീത പേരിനൊപ്പം സോനുവും ചേർത്തു. എന്നാൽ ഇയാൾ കൊല്ലപ്പെട്ടതോടെ മറ്റൊരു ഗുണ്ടാനേതാവ് വിജയ് സിംഗിന് ഭാര്യയായി. ഗുണ്ടാസംഘം വിജയ് സിങ്ങിനെ വിവാഹം കഴിച്ച ശേഷമാണ് പഞ്ചാബൻ കുറ്റകരമായ ജീവിതത്തിലേക്ക് കടന്നത്.

ഇന്ത്യയിലുടനീളം നിരവധി സംസ്ഥാനങ്ങളില്‍ ലൈംഗിക ചൂഷണം നടത്തിയ സോനു പഞ്ചാബന്റെ പ്രവര്‍ത്തന മേഖലയും പ്രധാന ഇടപാടുകാരും എല്ലാം സൗത്ത് ്ഡല്‍ഹി കേന്ദ്രീകരിച്ചായിരുന്നു. മോഡലുകളെയും നടിമാരുമടക്കം പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി മയക്കുമരുന്ന് നല്‍കി ലൈംഗിക സേവനത്തിനായി പ്രമുഖര്‍ക്ക് എത്തിക്കുകയായിരുന്നു പ്രവര്‍ത്തി. 2011 ലെ ഒരു പോലീസ് റിപ്പോര്‍ട്ട് പ്രകാരം, സോനുവിന്റെ കീഴില്‍ നിരവധി കുപ്രസിദ്ധ ലൈംഗിക തൊഴിലാളികളുണ്ടായിരുന്നു. ഡല്‍ഹിയിലെ പോഷ് ഏരിയകളിലും പഞ്ചനക്ഷത്ര ഹോട്ടലുകളിലും ഫാറ്റുകളിലേക്കും അവര്‍ പെണ്‍കുട്ടികളെ വിതരണം ചെയ്തു.

2003 ലെ വിവാഹത്തിന് തൊട്ടുപിന്നാലെ ഉത്തർപ്രദേശ് സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സുമായുള്ള (എസ്ടിഎഫ്) ഏറ്റുമുട്ടലിൽ സിംഗ് കൊല്ലപ്പെട്ടു. ശേഷം വിവാഹം കഴിച്ച ഹേമന്ദിനെയും പൊലീസ് വധിച്ചു. മനുഷ്യകടത്ത്, കൊലപാതകം, ലഹരി വില്പന തുടങ്ങി ഉത്തരേന്ത്യയിലെ എല്ലാ അനധികൃത വ്യവസായങ്ങളും ഒരുകാലത്ത് സോനുവിന്റെ ഉള്ളം കൈയിലായിരുന്നു. ഇതിനിടെ ഹരിയാനയിലെ ജജ്ജര്‍ ജില്ലയില്‍ നടന്ന ഒരു കൊലപാതകക്കേസില്‍ സോനു ഉള്‍പ്പെട്ടിരുന്നു.

ഒരു കേസിലും തെളിവ് അവശേഷിപ്പിക്കുകയുമില്ല. പൊലീസിലെയും രാഷ്ട്രീയത്തിലെയും ഉന്നത ബിസിനസുകാർ, ഭയാനകമായ ഗുണ്ടാസംഘങ്ങൾ, സഹകാരികൾ എന്നിവരുടെ ശൃംഖല മനുഷ്യക്കടത്തിൽ തുടരുന്നതിനിടയിൽ പലതവണ സോനുവി നിയമത്തിന്റെ പിടിയില്‍ നിന്നും രക്ഷിച്ചു.

സോനു പഞ്ചാബനെ പലതവണ പോലീസ് പിടികൂടിയിരുന്നുവെങ്കിലും പെണ്‍കുട്ടികളില്‍ ഒരാള്‍പോലും അവള്‍ക്കെതിരെ പരാതി നല്‍കാന്‍ മുന്നോട്ട് വരാത്തതോടെ ശിക്ഷയില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു. 2007 ല്‍ ഗതാഗത നിയമം ലംഘിച്ചതിന്റെ പേരിലാണ് സോനു പഞ്ചാബനെ ആദ്യമായി അറസ്റ്റിലായത്. 2007 ലെ കേസില്‍ ജാമ്യം ലഭിച്ചെങ്കിലും 2008 ല്‍ ഇതേ കുറ്റത്തിന് വീണ്ടും അറസ്റ്റിലായി.

എന്നാൽ അപ്രതീക്ഷിതമായി ഇവർ 2017ൽ പൊലീസിന്റെ വലയിൽ കുടുങ്ങുകയായിരുന്നു.  2011 ഏപ്രിലില്‍ വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ടതായി കണ്ടെത്തിയതോടെയായിരുന്നു ഡല്‍ഹി പോലീസിന്റെ അറസ്റ്റ്. പോലീസുകാരെ ഉപയോഗപ്പെടുത്തിയുള്ള കെണിയില്‍ വന്നു രണ്ട് പെണ്‍കുട്ടികളുമായി സോനു വീഴുകയായിരുന്നു