ചിദംബരത്തെ തിഹാര്‍ ജയിലില്‍ സന്ദര്‍ശിച്ച് സോണിയയും മന്‍മോഹനും

ന്യൂഡല്‍ഹി: ഐഎന്‍എക്‌സ് മീഡിയ കേസില്‍ തീഹാര്‍ ജയിലില്‍ കഴിയുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ചിദംബരത്തെ കാണാന്‍ കോണ്‍ഗ്രസ് ഇടക്കാല പ്രസിഡന്റ് സോണിയ ഗാന്ധിയും മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങും തിഹാര്‍ ജയിലിലെത്തി. ചിദംബരത്തിന്റെ മകന്‍ കാര്‍ത്തിയും തിഹാര്‍ ജയിലില്‍ പിതാവിനെ സന്ദര്‍ശിച്ചു.

കൂടിക്കാഴ്ച്ചക്ക് ശേഷം ചിദംബരം ട്വിറ്ററിലൂടെ ഇരു നേതാക്കളേയും നന്ദി അറിയിച്ചു. ചിദംബരത്തിന്റെ കുടുംബമാണ് അദ്ദേഹത്തിന്റെ ട്വിറ്റര്‍ ഹാന്‍ഡില്‍ കൈകാര്യം ചെയ്യുന്നത്. ഇതുവഴിയാണ് സോണിയക്കും മന്‍മോഹനും നന്ദി അറിയിച്ചത്.

ഐഎന്‍എക്‌സ് അഴിമതിക്കേസില്‍ അറസ്റ്റിലായ മുന്‍ കേന്ദ്ര മന്ത്രി പി.ചിദംബരത്തെ ഓഗസ്റ്റ് 21 നാണ് സിബിഐ അറസ്റ്റു ചെയ്തത്. സെപ്റ്റംബര്‍ അഞ്ച് മുതല്‍ ചിദംബരം തിഹാര്‍ ജയിലിലാണ്. 2007ല്‍ പി.ചിദംബരം ധനമന്ത്രിയായിരിക്കേ ഐഎന്‍എക്‌സ് മീഡിയക്ക് 305 കോടിയുടെ വിദേശ ഫണ്ട് സ്വീകരിക്കാന്‍ വിദേശ നിക്ഷേപ പ്രോത്സാഹന ബോര്‍ഡിന്റെ അനുമതി നല്‍കിയതില്‍ ക്രമക്കേടുണ്ടെന്നാണ് കേസ്.