അതിര്‍ത്തി സംഘര്‍ഷം; നമ്മള്‍ ഇപ്പോഴും ഇരുട്ടില്‍, സര്‍വകക്ഷി യോഗത്തില്‍ ചോദ്യശരങ്ങളുമായി സോണിയ- ഉന്നയിച്ചത് ഏഴ് ചോദ്യങ്ങള്‍

ന്യൂഡല്‍ഹി: ഗല്‍വാന്‍ താഴ്‌വരയിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി സോണിയാ ഗാന്ധി. ഏഴു ചോദ്യങ്ങളാണ് സോണിയ യോഗത്തില്‍ ഉന്നയിച്ചത്. അവയിങ്ങനെ;

1- നമ്മുടെ മേഖലയിലേക്ക് ഏതു തിയ്യതിയിലാണ് ചൈനീസ് സൈന്യം അതിക്രമിച്ചു കയറിയത്?

2- നമ്മുടെ പ്രദേശത്ത് ചൈനീസ് കടന്നു കയറ്റം ഉണ്ടായി എന്ന് സര്‍ക്കാര്‍ എപ്പോഴാണ് കണ്ടെത്തിയത്?

3- അത് നേരത്തെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പോലെ മെയ് അഞ്ചിനായിരുന്നു അല്ലെങ്കില്‍ അതിനു മുമ്പോ?

4- നമ്മുടെ രാജ്യത്തിന്റെ അതിര്‍ത്തികളുടെ സാറ്റലൈറ്റ് ചിത്രങ്ങള്‍ സര്‍ക്കാറിന് സ്ഥിരമായി ലഭിക്കാറുണ്ടോ?

5- യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ അസാധാരണ പ്രവര്‍ത്തനങ്ങള്‍ നടന്നത് നമ്മുടെ വിദേശ രഹസ്യാന്വേഷണ സംവിധാനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തില്ലേ?

6- ചൈനീസ് ഭാഗത്തായാലും ഇന്ത്യന്‍ ഭാഗത്തായാലും യഥാര്‍ത്ഥ നിയന്ത്രണ രേഖയ്ക്കടുത്ത് വന്‍ തോതിലുള്ള ഒരുക്കങ്ങളും കടന്നു കയറ്റവും സൈനിക ഇന്റലിജന്‍സ് ഏജന്‍സികള്‍ അറിയിച്ചിരുന്നില്ലേ?

7- സര്‍ക്കാര്‍ അഭിപ്രായ പ്രകാരം അവിടെ ഇന്റലിജന്‍സ് സംവിധാനം പരാജയപ്പെട്ടിട്ടുണ്ടോ?

ഈ വര്‍ഷം ഏപ്രില്‍ മുതലുള്ള സംഭവങ്ങളും ഇതു സംബന്ധിച്ച വസ്തുതകളും പങ്കുവയ്ക്കണമെന്ന് സോണിയ പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു. നമ്മള്‍ ഇരുട്ടിലാണ്. ഈ അവസാന ഘട്ടത്തില്‍ പോലും പ്രതിസന്ധിയുടെ നിര്‍ണായകമായ നിരവധി കാര്യങ്ങളെ കുറിച്ച് നമുക്ക് അറിവില്ല. യഥാര്‍ത്ഥ നിയന്ത്രണ രേഖയിലെ സ്റ്റാറ്റസ്‌കോ നിലനിര്‍ത്തേണ്ടതുണ്ട്. ചൈന യഥാര്‍ത്ഥ സ്ഥലത്തേക്ക് മടങ്ങിപ്പോകുകയും വേണം. സ്ഥിതിഗതികള്‍ പൂര്‍വ്വ സ്ഥിതിയിലാകുമോ എന്നറിയാന്‍ രാജ്യത്തിനാകെ താത്പര്യമുണ്ട്- അവര്‍ പറഞ്ഞു.

ബിജെപി അധ്യക്ഷന്‍ ജെ.പി.നഡ്ഡ, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി, സിപിഐ ദേശീയ സെക്രട്ടറി ഡി.രാജ, ബിഎസ്പി നേതാവ് മായാവതി, ശിവസേന നേതാവ് ഉദ്ധവ് താക്കറെ തുടങ്ങിയവര്‍ വിഡിയോ കോണ്‍ഫറന്‍സ് വഴി നടക്കുന്ന യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

എം.കെ. സ്റ്റാലിന്‍ (ഡിഎംകെ), എടപ്പാടി കെ.പളനിസാമി (അണ്ണാ ഡിഎംകെ), കെ.ചന്ദ്രശേഖര്‍ റാവു (ടിആര്‍എസ്), ജഗന്‍ മോഹന്‍ റെഡ്ഡി (വൈഎസ്ആര്‍ കോണ്‍ഗ്രസ്), ശരദ് പവാര്‍ (എന്‍സിപി), നിതീഷ് കുമാര്‍ (ജെഡിയു), അഖിലേഷ് യാദവ് (എസ്പി), സുഖ്ബീര്‍ ബാദല്‍ (അകാലിദള്‍), ചിരാഗ് പാസ്വാന്‍ (എല്‍ജെപി), ഹേമന്ത് സോറന്‍ (ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച) എന്നീ പാര്‍ട്ടികളും പങ്കെടുക്കുന്നു. കുറഞ്ഞത് അഞ്ചു എം.പിമാര്‍ എങ്കിലും ഉള്ള പാര്‍ട്ടികളെയാണ് യോഗത്തിലേക്ക് ക്ഷണിച്ചിട്ടുള്ളത്. എ.എ.പി, ആര്‍.ജെ.ഡി പാര്‍ട്ടികളെ ക്ഷണിച്ചിട്ടില്ല.