കോവിഡിനെതിരെ ഒറ്റക്കെട്ടായി പോരാടുന്നതിലും മികച്ച ദേശസ്‌നേഹമില്ലെന്ന് സോണിയാ ഗാന്ധി


ന്യൂഡല്‍ഹി: കൊറോണ എന്ന മഹാമാരിക്കെതിരെ ഒറ്റക്കെട്ടായി പോരാടുന്നതിലും മികച്ച ദേശസ്‌നേഹമില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. വീഡിയോ സന്ദേശത്തിലാണ് കോണ്‍ഗ്രസ് അധ്യക്ഷയുടെ പ്രസ്താവന.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുന്നണിപ്പോരാളികളായി പ്രവര്‍ത്തിക്കുന്നവരെ പ്രശംസിച്ചു കൊണ്ടായിരുന്നു സോണിയയുടെ സന്ദേശം. ‘അടിസ്ഥാന സുരക്ഷാ സംവിധാനങ്ങള്‍ അപര്യാപ്തമായിട്ടു പോലും നമ്മുടെ കൊറോണ വൈറസ് പോരാളികള്‍ ഈ യുദ്ധത്തില്‍ പോരാടുകയാണ്.. സുരക്ഷാ കിറ്റുകള്‍ വേണ്ടത്ര ലഭ്യമല്ലാതിരിന്നിട്ടു കൂടി നമ്മുടെ ആരോഗ്യ പ്രവര്‍ത്തകരും വോളന്റിയര്‍മാരും രോഗികളെ പരിചരിക്കുന്നു.. ‘ സോണിയ ഗാന്ധി പറഞ്ഞു.

ലോക്ക് ഡൗണ്‍ വിജയകരമായി മുന്നോട്ട് കൊണ്ടു പോകുന്നതില്‍ പൊലീസുകാരുടെയും ജവാന്മാരുടെയും പങ്കിനെ പ്രശംസിച്ച സോണിയ, ശുചീകരണ തൊഴിലാളികളുടെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും അടക്കമുള്ളവരുടെ സേവനങ്ങളെയും എടുത്ത് പറഞ്ഞ് ഇവരെ പിന്തുണക്കുകയാണ് ഇപ്പോള്‍ വേണ്ടതെന്നും കൂട്ടിച്ചേര്‍ത്തു.

SHARE