സജീവ രാഷ്ട്രീയത്തില്‍ നിന്നും വിരമിക്കില്ല; 2019-ല്‍ റായ് ബറേലിയില്‍ സോണിയ ഗാന്ധി മത്സരിക്കുമെന്നും പ്രിയങ്ക

ന്യൂഡല്‍ഹി: 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ റായ് ബറേലി മണ്ഡലത്തെ സംബന്ധിച്ച ചോദ്യത്തോട് പ്രതികരിച്ച് പ്രിയങ്കാ ഗാന്ധി. സജീവ രാഷ്ട്രീയത്തില്‍ നിന്നും സോണിയ ഗാന്ധി വിരമിക്കുമെന്ന വാര്‍ത്തകള്‍ വന്ന സാഹചര്യത്തിലാണ് മകള്‍ പ്രിയങ്കാ ഗാന്ധി പ്രതികരണവുമായി രംഗത്തെത്തിയത്.

റായ് ബറേലിയില്‍നിന്ന് അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്ന എന്‍.ഡി ടി.വിയുടെ ചോദ്യത്തോടായിരുന്നു പ്രിയങ്കയുടെ പ്രതികരണം.

താന്‍ മത്സരിക്കുമോ എന്ന ചോദ്യം തന്നെ ഉയരുന്നില്ലെന്നും. സജീവ രാഷ്ട്രീയത്തില്‍ നിന്നും അമ്മ വിരമിക്കുന്നില്ല. 2019ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ റായ് ബറേലിയില്‍നിന്ന് സോണിയാ ഗാന്ധി തന്നെ മത്സരിക്കുമെന്നും പ്രിയങ്ക പറഞ്ഞു.

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനായി സ്ഥാനമേറ്റടുത്തതോടെ സജീവ രാഷ്ടീയത്തില്‍ നിന്നും സോണിയ ഗാന്ധി വിരമിക്കുന്നതായ റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. കൂടാതെ 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിലൂടെ പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശനമുണ്ടാകുമെന്ന റിപ്പോര്‍ട്ടുകളുമുണ്ടായി. ഈ സാഹചര്യത്തിലാണ് സോണിയ തന്നെ അടുത്ത തവണ റായ് ബറേലിയില്‍നിന്ന് മത്സരിക്കുമെന്ന കാര്യം മകള്‍ പ്രിയങ്ക തന്നെ വ്യക്തമാക്കിയത്.