എല്ലാം ത്യജിക്കാന്‍ തയാര്‍; എസ്.പിക്കും ബി.എസ്.പിക്കും നന്ദി അറിയിച്ച് സോണിയ ഗാന്ധി

രാജ്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളെ സംരക്ഷിക്കാന്‍ എന്തും ത്യജിക്കാന്‍ തയാറാണെന്ന് യു.പി.എ അധ്യക്ഷ സോണിയ ഗാന്ധി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ റായ്ബറേലിയില്‍ തന്നെ വീണ്ടും വിജയിപ്പിച്ച ജനങ്ങള്‍ക്ക് നന്ദി അറിയിക്കുകയായിരുന്നു സോണിയ ഗാന്ധി.

പൂര്‍വീകരായ കോണ്‍ഗ്രസ് നേതാക്കള്‍ ഉയര്‍ത്തിപ്പിടിച്ച പാരമ്പര്യവും മൂല്യങ്ങളും സംരക്ഷിക്കാന്‍ തനിക്ക് ലഭിച്ച എന്തും ത്യജിക്കാന്‍ തയാറാണന്ന് സോണിയ വ്യക്തമാക്കി. വരാനിരിക്കുന്ന ദിനങ്ങള്‍ കാഠിന്യമേറിയതാണെന്ന് അറിയാം. എങ്കിലും നിങ്ങള്‍ അര്‍പ്പിച്ച പിന്തുണയുടേയും വിശ്വാസത്തിന്റെയും ബലത്തില്‍ ഏത് വെല്ലുവിളികളെയും അതിജീവിക്കാന്‍ കോണ്‍ഗ്രസിന് സാധിക്കുമെന്ന് എനിക്ക് പൂര്‍ണ വിശ്വാസമുണ്ടെന്നും റായ്ബറേലിയിലെ ജനങ്ങള്‍ക്ക് നന്ദിപറഞ്ഞ് എഴുതിയ കത്തില്‍ സോണിയ വ്യക്തമാക്കി.

തന്നില്‍ വിശ്വാസമര്‍പ്പിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരോടും അതോടൊപ്പം എന്റെ വിജയത്തിനുവേണ്ടി കഠിനാധ്വാനംചെയ്ത എസ്.പി, ബി.എസ്.പി, സ്വാഭിമാന്‍ ദള്‍ പാര്‍ട്ടികളിലെ സുഹൃത്തുക്കളെയും സോണിയ നന്ദി അറിയിച്ചു. ബി.ജെ.പിയുടെ പ്രതാപ് സിങിനെതിരെ റായ്ബറേലിയില്‍ ഒരു ലക്ഷത്തി അറുപത്തേഴായിരം വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് സോണിയ വിജയിച്ചത്.