രാജ്യം കത്തുമ്പോള്‍; പിറന്നാള്‍ ആഘോഷിക്കാനില്ലെന്ന് സോണിയ ഗാന്ധി

ന്യൂഡല്‍ഹി: കൂട്ടബലാത്സംഗങ്ങള്‍ക്കും ഇരകളുടെ ക്രൂരമായ കൊലപാതകങ്ങള്‍ക്കുമെതിരെ രാജ്യത്തൊട്ടാകെ പ്രതിഷേധം അലയടിക്കുന്ന സാഹചര്യത്തില്‍ തന്റെ പിറന്നാള്‍ ആഘോഷം ഉണ്ടാവില്ലെന്ന് അറിയിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. രാജ്യത്ത് സ്ത്രീകള്‍ക്കെതിരായ വര്‍ദ്ധിച്ചുവരുന്ന കുറ്റകൃത്യങ്ങളിലും പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടികളോട് ഭരണകൂടം കാണിക്കുന്ന അനാസ്ഥയിലും തനിക്ക് അതൃപ്തിയുണ്ടെന്ന് കാണിച്ചാണ് സോണിയ ആഘോഷങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുന്നതെന്ന് കോണ്‍ഗ്രസുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.

കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്ത് ഏറ്റവും കൂടുതല്‍ കാലം നിന്ന സേണിയ ഗാന്ധി നാളെ (തിങ്കളാഴ്ച) 73 വയസ്സ് തികയും. ഡല്‍ഹിയില്‍ ഉണ്ടായ വന്‍ തീപിടിത്തത്തില്‍ നിരവധിയാളുകള്‍ മരിച്ച സാഹചര്യത്തില്‍ കൂട്ടിയാണ് സോണിയയുടെ തീരുമാനം.

ഹൈദരാബാദ്, ഉന്നാവോ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് രാജ്യവ്യാപക പ്രതിഷേധം ഉയരുന്നത്. മോദി ഭരണത്തില്‍ ഇന്ത്യ ബലാത്സംഗങ്ങളുടെ തലസ്ഥാനമായെന്ന്് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും കുറ്റപ്പെടുത്തിയിരുന്നു. പെണ്‍മക്കളെയും സഹോദരിമാരെയും എന്തുകൊണ്ടാണ് ഇന്ത്യക്ക് സംരക്ഷിക്കാന്‍ കഴിയാത്തതെന്നാണ് വിദേശ രാജ്യങ്ങള്‍ പോലും ചോദിക്കുന്നതായും രാഹുല്‍ പറഞ്ഞിരുന്നു. ഉത്തര്‍പ്രദേശിലെ ബി.ജെ.പി എം.എല്‍.എ പോലും ബലാത്സംഗക്കേസില്‍ പ്രതിയായി. എന്നിട്ടും പ്രധാനമന്ത്രി ഇപ്പോഴും മൗനത്തിലാണ്. ബി.ജെ.പി സര്‍ക്കാരിന് കീഴില്‍ രാജ്യത്തുടനീളം അക്രമങ്ങള്‍ വര്‍ധിച്ചുവെന്നും രാഹുല്‍ പറഞ്ഞു. രാജ്യം ഭരിക്കുന്നയാളാണ് ജനങ്ങള്‍ നിയമം കയ്യിയിലെടുക്കാന്‍ കാരണമെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.

ഉന്നാവോയില്‍ പ്രതികള്‍ തീവെച്ച പെണ്‍കുട്ടി മരിച്ചതിനു പിന്നാലെ ഡല്‍ഹിയിലെ പാര്‍ലമെന്റ് പരിസരത്തും സഫ്ദര്‍ജങ് ആസ്പത്രി പരിസരത്തും പ്രതിഷേധങ്ങള്‍ അരങ്ങേറിയിരുന്നു. ഉത്തര്‍പ്രദേശില്‍ പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ യോഗി ഭരണത്തിനെതിരെ ശക്തമായ പ്രക്ഷോഭം ഉയരുന്നുണ്ട്. ആവര്‍ത്തിക്കപ്പെടുന്ന ഇത്തരം കുറ്റകൃത്യങ്ങള്‍ രാജ്യത്തെ തന്നെ നാണം കെടുത്തുകയും നിയമവാഴ്ചയില്‍ പൗരന്മാര്‍ക്കുള്ള വിശ്വാസം നഷ്ടപ്പെടുത്തുകയും ചെയ്യുമ്പോഴും സര്‍ക്കാര്‍ സംവിധാനങ്ങള്‍ നോക്കു കുത്തിയായി നില്‍ക്കുന്നതാണ് അരിശം വര്‍ധിപ്പിക്കുന്നത്. ഹൈദരാബാദില്‍ യുവ വെറ്ററിനറി ഡോക്ടറെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ വെടിവെച്ചുകൊന്ന പൊലീസ് നടപടിക്ക് വ്യാപക പിന്തുണ ലഭിക്കുന്നതും നിയമ വ്യവസ്ഥയില്‍ ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടതിന്റെ തെളിവായാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഉന്നാവോ കേസില്‍ ബിജെപി സര്‍ക്കാര്‍ കാണിക്കുന്ന അലസ സമീപിനത്തിനെതിപെ പെണ്‍കുട്ടിയുടെ കുടുംബം ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിട്ടുണ്ട്.

മോദി ഭരണത്തിന് കീഴില്‍ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ പാര്‍ലമെന്റിലും പുറത്തും വന്‍ പ്രക്ഷോഭത്തിന് കോണ്‍ഗ്രസ് പാര്‍ട്ടി ഒരുങ്ങുന്നതായും റിപ്പോര്‍്ട്ടുണ്ട്. ഉന്നയിക്കുക തുടങ്ങിയ വിഷയങ്ങളില്‍ പാര്‍ട്ടി സര്‍ക്കാരിനെതിരെ ആക്രമണാത്മക നിലപാട് സ്വീകരിച്ചു.

സര്‍ക്കാര്‍ നയങ്ങള്‍ക്കും സാമ്പത്തിക മാന്ദ്യത്തിനും എതിരെ ഡിസംബര്‍ 14 ന് പാര്‍ട്ടി റാലി സംഘടിപ്പിക്കുന്നു. റാലിയില്‍ പങ്കെടുക്കാന്‍ എല്ലാ സംസ്ഥാനങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്.

SHARE