ചിലവ് കുറയ്ക്കാന്‍ പ്രധാനമന്ത്രി ഒരു വര്‍ഷത്തേക്ക് വിദേശയാത്രകള്‍ ഒഴിവാക്കണമെന്ന് സോണിയ ഗാന്ധി

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് കണ്ടെത്താന്‍ എംപി ഫണ്ട് അടക്കം സര്‍ക്കാര്‍ വെട്ടിചുരുക്കിയതിന് പിന്നാലെ ഫണ്ട് വിനിയോഗം സംബന്ധിച്ച നിര്‍ദേശങ്ങളുമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. പ്രധാനമന്ത്രിമാര്‍, മറ്റു കേന്ദ്രമന്ത്രിമാര്‍, മുഖ്യമന്ത്രിമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ അടുത്ത ഒരു വര്‍ഷത്തേക്ക് വിദേശയാത്രകള്‍ ഒഴിവാക്കണം എന്നാണ് സോണിയ മുന്നോട്ട് വയ്ക്കുന്ന ഒരു നിര്‍ദേശം. അടുത്ത ഒരു വര്‍ഷത്തേക്ക് പരസ്യപ്രചരണങ്ങള്‍ക്കായി സര്‍ക്കാര്‍ പണം ചിലവാക്കരുതെന്നും സോണിയ നിര്‍ദേശിക്കുന്നു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള പരസ്യവും പ്രചാരണവും ഇളവ് നല്‍കി തുടരാം.കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിനായി സജ്ജമാക്കിയ പിഎം കെയര്‍ ഫണ്ട് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മാറ്റണമെന്ന് സോണിയാ ഗാന്ധി ആവശ്യപ്പെട്ടു.

പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ചിലവിനുള്ള സുതാര്യതയും വിശ്വാസവും ഉറപ്പ് വരുത്താന്‍ ഇത് സഹായകമാകുമെന്ന് സോണിയ ഗാന്ധി പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ പറയുന്നു. അതോടൊപ്പം കേന്ദ്രസര്‍ക്കാരിന്റെ ചിലവ് ചുരുക്കി ഫണ്ടിലേക്ക് പണം കണ്ടെത്തണം എന്ന് നിര്‍ദേശിക്കുന്ന സോണിയ ഇതിനായി ചില നിര്‍ദേശങ്ങളും മുന്നോട്ട് വച്ചിട്ടുണ്ട്.