ന്യൂഡല്‍ഹി: സോണിയാ ഗാന്ധിയെ കോണ്‍ഗ്രസ് സംയുക്ത പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷയായി തെരഞ്ഞെടുത്തു. പാര്‍ലമെന്റ് സെന്‍ട്രല്‍ ഹാളില്‍ ചേര്‍ന്ന കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ്ങാണ് സോണിയയുടെ പേര് അധ്യക്ഷ സ്ഥാനത്തേക്ക് നിര്‍ദേശിച്ചത്. കോണ്‍ഗ്രസ് അധ്യക്ഷ പദവിയില്‍നിന്ന് രാഹുല്‍ ഗാന്ധി ഒഴിയുന്നു എന്ന വാര്‍ത്തകള്‍ക്കിടെയാണ് സോണിയാ ഗാന്ധി തന്നെ സംയുക്ത പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തുടരാന്‍ തീരുമാനമായത്.
മന്മോഹന് സിങ്ങിന്റെ നിര്‍ദേശത്തെ മറ്റ് രണ്ടു എംപിമാര്‍ പിന്താങ്ങിയതോടെ സോണിയയെ പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷയായി തിരഞ്ഞെടുത്തുകൊണ്ടുള്ള പ്രമേയം പാസായി. പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി കൊടിക്കുന്നില്‍ സുരേഷിന്റെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. രാജ്യസഭയിലെയും ലോക്സഭയിലെയും കോണ്‍ഗ്രസ് എംപിമാര്‍ യോഗത്തില്‍ പങ്കെടുത്തു.
Delhi: Inside visuals of Congress Parliamentary Party (CPP) meeting held earlier today. Sonia Gandhi has been elected as Chairperson of Congress Parliamentary Party. (Pic Source: AICC) pic.twitter.com/r0oVccYdlJ
— ANI (@ANI) June 1, 2019
സോണിയാ ഗാന്ധിയാവും ലോക്സഭാ കക്ഷിനേതാവിനേയും രാജ്യസഭാ കക്ഷി നേതാവിനെയും തീരുമാനിക്കുക. ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍നിന്നുള്ള എംപിയാണ് സോണിയ. കഴിഞ്ഞ തവണ ലോക്സഭാ കക്ഷി നേതാവായിരുന്ന മല്ലികാര്‍ജുന ഖാര്‍ഗെ ഇത്തവണ പരാജയപ്പെട്ടിരുന്നു. രാഹുല്‍ ഗാന്ധി ലോക്സഭാകക്ഷി നേതൃപദവിയിലേക്ക് വരണമെന്ന് കോണ്‍ഗ്രസ് എംപിമാര്‍ക്കിടയില്‍ ആവശ്യമുണ്ട്.
നിലവില്‍ രാജ്യസഭാ കക്ഷി നേതാവ് ഗുലാം നബി ആസാദാണ്. അദ്ദേഹത്തെ തന്നെ സോണിയാ ഗാന്ധി വീണ്ടും നിര്‍ദേശിക്കുമോ എന്നാണ് ഇനി അറിയേണ്ടത്. ഇരുസഭകളിലേയും ഉപനേതാക്കള്‍, വിപ്പ് എന്നിവരെയെല്ലാം തിരഞ്ഞെടുക്കുന്നതും സോണിയാ ഗാന്ധി ആയിരിക്കും.
പാര്‍ലമെന്റ് സമ്മേളനം ജൂണ്‍ 15നു ശേഷം ആരംഭിക്കുകയാണ്. തൊഴില്‍ നിയമത്തില്‍ സമഗ്രപരിഷ്കരണമടക്കം വരാനിരിക്കെ 17ാം സഭയുടെ ആദ്യസമ്മേളനത്തില്‍ എടുക്കേണ്ട നയസമീപനങ്ങള്‍ എന്തെല്ലാമാവണമെന്ന് പാര്‍ലമെന്ററി പാര്‍ട്ടി തീരുമാനിക്കും.