സജീവരാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുന്നുവെന്ന് പ്രഖ്യാപിച്ച് സോണിയാഗാന്ധി

ന്യൂഡല്‍ഹി: സജീവരാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുന്നുവെന്ന് പ്രഖ്യാപിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി. പാര്‍ലമെന്റിലായിരുന്നു സോണിയയുടെ വിരമിക്കല്‍ പ്രഖ്യാപനം. നാളെ രാഹുല്‍ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതലയേല്‍ക്കുന്ന സാഹചര്യത്തിലാണ് സജീവരാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുന്നുവെന്ന സോണിയയുടെ പ്രഖ്യാപനമുണ്ടാവുന്നത്. കോണ്‍ഗ്രസ്സിന്റെ 61-ാമത്തെ പ്രസിഡന്റായിരുന്നു സോണിയാഗാന്ധി.

രാഹുല്‍ സ്ഥാനമേറ്റെടുത്ത് കഴിഞ്ഞാല്‍ താങ്കള്‍ എന്തുചെയ്യുമെന്ന ചോദ്യത്തിന് തനിക്ക് വിരമിക്കാന്‍ സമയമായെന്ന് സോണിയഗാന്ധി മറുപടി പറയുകയായിരുന്നു. രാഹുല്‍ പാര്‍ട്ടിയെ നയിക്കാന്‍ പ്രാപ്തനാണെന്നും സോണിയ പറഞ്ഞു. നാളെ രാവിലെയാണ് രാഹുല്‍ കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം ഏറ്റെടുക്കുന്നത്. നിലവില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷനാണ് രാഹുല്‍.