പ്രധാനമന്ത്രി വിയോജിപ്പിന്റെ ശബ്ദങ്ങളെ അടിച്ചമര്‍ത്തുന്നു; മോദിക്കെതിരെ ആഞ്ഞടിച്ച് സോണിയാ ഗാന്ധി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധി. മോദിയുടെ ഭരണത്തില്‍ അഴിമതിയുടെ വേരുകള്‍ കൂടുതല്‍ ശക്തിപ്പെടുകയാണ് ചെയ്തതെന്ന് സോണിയ ആരോപിച്ചു. ഡല്‍ഹിയില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച ജന്‍ ആക്രോശ് യാത്രയില്‍ സംസാരിക്കുകയായിരുന്നു അവര്‍.

‘ഞാന്‍ അഴിമതി നടത്തില്ല; മറ്റുള്ളവരെ അതിന് അനുവദിക്കുകയുമില്ല’ എന്ന മോദിയുടെ മുദ്രാവാക്യത്തിന് എന്തുപറ്റിയെന്ന് സോണിയ ചോദിച്ചു. മോദി സര്‍ക്കാര്‍ എതിര്‍ ശബ്ദങ്ങളെ അടിച്ചമര്‍ത്തുകയാണ്. ഭരണഘടനാ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്തി വോട്ട് ബാങ്ക് ലക്ഷ്യമിട്ട് ജനങ്ങളെ ഭിന്നിപ്പിക്കുകയാണെന്നും സോണിയ ആരോപിച്ചു.

ജുഡീഷ്യറി ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളി നേരിടുകയാണ്. മാധ്യമങ്ങള്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനാവുന്നില്ല. രാജ്യത്തിന്റെ ഇപ്പോഴത്തെ സാഹചര്യം നാം ഗൗരവത്തോടെ കാണണം. ജനങ്ങളെ സജ്ജരാക്കി ഇതിനെതിരെ പൊരുതണമെന്നും സോണിയ ആഹ്വാനം ചെയ്തു.

SHARE