കൂട്ടുകാരുമായി സംസാരിക്കുന്നതിനിടെ ഭക്ഷണം കഴിക്കാന്‍ വിളിച്ചതിന് മകന്‍ അമ്മയെ വെടിവെച്ചു

പാട്‌ന: കൂട്ടുകാരുമായി സംസാരിക്കുന്നതിനിടെ ഭക്ഷണം കഴിക്കാന്‍ വിളിച്ച അമ്മയെ മകന്‍ വെടിവെച്ചു. ബിഹാര്‍ സീതാപുര്‍ സ്വദേശി മഞ്ജൂര്‍ ദേവി(55)യെയാണ് വെടിയേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മകന്‍ അങ്കത് യാദവിനെ(20) പൊലീസ് അറസ്റ്റ് ചെയ്തു.

ചൊവ്വാഴ്ച രാത്രി 10.30ഓടെയായിരുന്നു ദാരുണമായ സംഭവം. രാത്രി വൈകിയിട്ടും വീടിന് പുറത്ത് കൂട്ടുകാരുമായി സംസാരിച്ചിരിക്കുകയായിരുന്നു അങ്കത്. ഇതിനിടെ അമ്മ പലതവണ ഭക്ഷണം കഴിക്കാനായി മകനെ വിളിച്ചു. ഒടുവില്‍ വീടിന് പുറത്തിറങ്ങിയും മകനോട് ഭക്ഷണം കഴിക്കാന്‍ വരാന്‍ ആവശ്യപ്പെട്ടു. ഇതോടെയാണ് പ്രകോപിതനായ അങ്കത് കൈയിലുണ്ടായിരുന്ന നാടന്‍ തോക്കെടുത്ത് അമ്മയ്ക്ക് നേരേ വെടിയുതിര്‍ത്തത്.

അങ്കതിന്റെ പിതാവിന്റെ സഹോദരി ഈ സംഭവങ്ങള്‍ക്കെല്ലാം ദൃക്‌സാക്ഷിയായിരുന്നു. വെടിയേറ്റ് വീണ മഞ്ജൂറിനെ ഉടന്‍തന്നെ സമീപത്തെ ആശുപത്രിയിലും പിന്നീട് പാട്‌ന മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. സംഭവത്തിന് ശേഷം വീടിന് സമീപത്തെ കാട്ടില്‍ ഒളിച്ച അങ്കതിനെ ഏറെ സാഹസികമായാണ് പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. പൊലീസ് സംഘം വരുന്നത് കണ്ട ഇയാള്‍ വെടിയുതിര്‍ത്ത് രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ പൊലീസ് സംഘം യുവാവിനെ കീഴ്‌പ്പെടുത്തി. പ്രതിയില്‍നിന്ന് നാടന്‍ തോക്ക് പിടിച്ചെടുത്തതായും പൊലീസ് പറഞ്ഞു.

SHARE