ട്രംപിന്റെ മരുകമന്‍ റഷ്യയുമായി പിന്നാമ്പുറ ബന്ധങ്ങള്‍ തേടി

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മരുകനും പ്രസിഡന്റിന്റെ ഉന്നത ഉപദേഷ്ടാവുമായ ജാരെദ് കുഷ്‌നര്‍ക്കും റഷ്യയുമായി രഹസ്യ ബന്ധമുണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ട്. ട്രംപ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ശേഷം അമേരിക്കയുടെ ഔദ്യോഗിക നയതന്ത്ര സംവിധാനങ്ങളെ മറികടന്ന് റഷ്യയുമായി ആശയവിനിമയം നടത്തുന്നതിന് കുഷ്‌നര്‍ രഹസ്യവഴികള്‍ തേടിയുന്നതായി വാഷിങ്ടണ്‍ പോസ്റ്റും ന്യൂയോര്‍ക്ക് ടൈംസും പറയുന്നു. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപിന്റെ വിജയം ഉറപ്പാക്കാന്‍ റഷ്യയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചതിന്റെ പേരില്‍ അന്വേഷണം നേരിടുന്ന കുഷ്‌നര്‍ക്ക് പുതിയ വെളിപ്പെടുത്തല്‍ കനത്ത അടിയായി. തെരഞ്ഞെടുപ്പിനുശേഷം ട്രംപ് പ്രസിഡന്റായി ചുമതലയേല്‍ക്കുന്നതിനുമുമ്പ് അമേരിക്കയിലെ റഷ്യന്‍ നയതന്ത്ര കേന്ദ്രങ്ങളെ ഉപയോഗപ്പെടുത്തുന്നതിന് പിന്നാമ്പുറ വഴി സ്ഥാപിക്കുന്നതിനെക്കുറിച്ച് റഷ്യന്‍ അംബാസഡര്‍ സെര്‍ജി കിസ്ല്യാകുമായി അദ്ദേഹം സംസാരിച്ചിരുന്നുവെന്ന് പത്രങ്ങള്‍ പറയുന്നു.

ഡിസംബര്‍ ആദ്യത്തില്‍ ന്യൂയോര്‍ക്കിലെ ട്രംപ് ടവറിലാണ് കുഷ്‌നറും കിസ്ല്യാകും കൂടിക്കാഴ്ച നടത്തിയത്. ട്രംപിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവാകുകയും പിന്നീട് സ്ഥാനം നഷ്ടപ്പെടുകയും ചെയ്ത മൈക്കിള്‍ ഫഌന്നും ആ ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. നവംബറിനും ജനുവരിക്കുമിടയില്‍ ട്രംപ് ചുമതലയേല്‍ക്കാന്‍ തയാറെടുപ്പ് നടത്തുന്ന കാലയളവില്‍ സിറിയന്‍ പ്രശ്‌നമടക്കം പല സുപ്രധാന വിഷയങ്ങളിലും റഷ്യയുമായി ചര്‍ച്ച നടത്താനാണ് കുഷ്‌നര്‍ ബാക്ക് ചാനല്‍ സ്ഥാപിക്കാന്‍ ശ്രമിച്ചത്. റ
ഷ്യയുടെ നയതന്ത്ര സൗകര്യങ്ങളെ ഉപയോഗപ്പെടുത്താന്‍ അമേരിക്കക്കാര്‍ ആഗ്രഹം പ്രകടിപ്പിച്ചത് കിസ്ല്യാകിനെ അത്ഭുതപ്പെടുത്തിയതായും വാഷിങ്ടണ്‍ പോസ്റ്റ് പറയുന്നു. ശീതയുദ്ധ കാലത്ത് ആണവ ഏറ്റുമുട്ടല്‍ ഒഴിവാക്കാന്‍ റഷ്യയും അമേരിക്കയും സ്ഥാപിച്ചിരുന്ന ഹോട്ട്‌ലൈനിനു സമാനമായ സംവിധാനമാണ് കുഷ്‌നര്‍ നിര്‍ദേശിച്ചിരുന്നത്. അമേരിക്കയുടെ നയതന്ത്ര വിഷയങ്ങള്‍ തീരുമാനിക്കുന്നതിന്റെ ഭാഗമായുള്ള അത്തരം ആശയവിനിമയങ്ങള്‍ രേഖപ്പെടുത്തില്ലെന്നതുകൊണ്ടാണ് അത്തരമൊരു ബാക്ക് ചാനലിനുവേണ്ടി ട്രംപിന്റെ സഹായികള്‍ ശ്രമം നടത്തിയത്. എന്നാല്‍ കുഷ്‌നറുടെ ആശയം നടപ്പായില്ലെന്ന് ന്യൂയോര്‍ക്ക് ടൈംസ് പറയുന്നു. കിസ്ല്യാകുമായും റഷ്യന്‍ ബാങ്കര്‍ സെര്‍ജി ഗോര്‍കോവുമായും ഡിസംബറില്‍ കുഷ്‌നര്‍ നടത്തിയ കൂടിക്കാഴ്ച കേന്ദ്രീകരിച്ച് എഫ്.ബി.ഐ അന്വേഷണം പുരോഗമിക്കുകയാണ്. കിഴക്കന്‍ ഉക്രൈനിലെ ക്രീമിയ പ്രദേശം റഷ്യ പിടിച്ചെടുത്തതിനെ തുടര്‍ന്ന് ഗോര്‍ഗോവിന്റെ ബാങ്കിനെതിരെയും റഷ്യ ഉപരോധമേര്‍പ്പെടുത്തിയിരുന്നു. റഷ്യന്‍ ഭരണകൂടത്തിന്റെ നേരിട്ടുള്ള നിയന്ത്രത്തിലാണ് ഈ ബാങ്ക്.

SHARE