രാജ്യം വലിയ ആപത്തില്‍; മുന്നറിയിപ്പുമായി മന്‍മോഹന്‍ സിങ്

കോവിഡ് 19 പ്രതിസന്ധി ഇന്ത്യയുടെ ജിഡിപി ഒരു ശതമാനം വരെ കുറച്ചേക്കുമെന്ന് മന്‍മോഹന്‍ സിങ്‌

ന്യൂഡല്‍ഹി: സാമ്പത്തിക മുരടിപ്പിനും സാമൂഹിക അനൈക്യത്തിനും പിന്നാലെ പകര്‍ച്ചവ്യാധി കൂടി പടരുന്നതോടെ രാജ്യത്തിന് മുന്നില്‍ വലിയ ആപത്ത് ആസന്നമായിരിക്കുന്നുവെന്ന് മുന്‍ പ്രധാനമന്ത്രി ഡോക്ടര്‍ മന്‍മോഹന്‍ സിങ്.
ഡല്‍ഹി കലാപത്തെ മുന്‍നിര്‍ത്തി ദി ഹിന്ദു ദിനപത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് ഡോക്ടര്‍ സിങ്ങ് ഈ മുന്നറിയിപ്പ് നല്‍കിയത്.

ഇവ മൂന്നും ഒപ്പമെത്തുമ്പോള്‍ അത് ഇന്ത്യയുടെ ആത്മാവിന് മുറിവേല്‍ക്കുക മാത്രമല്ല സാമ്പത്തിക, ജനാധിപത്യ ശക്തി എന്ന ഇന്ത്യയുടെ ആഗോളതരത്തിലുള്ള വിലാസത്തിന് വരെ കോട്ടമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

പകര്‍ച്ചവ്യധിയായ കൊറോണ ബാധിച്ച് ലോകത്താകെ 3000 പേര്‍ മരിച്ചു കഴിഞ്ഞ സാഹചര്യത്തില്‍ വിഷയം ഗൗരവമായി എടുത്ത് കോവിഡ് 19നെ നേരിടാന്‍ ഇന്ത്യ കര്‍മ്മ പദ്ധതി തയ്യാറാക്കണമെന്നും ഡോക്ടര്‍ സിങ് നിര്‍ദ്ദേശിച്ചു. ഇതിനായി മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള ചില നല്ല മാതൃകകള്‍ സ്വീകരിച്ച് ഒരു മിഷന്‍ ക്രിട്ടിക്കല്‍ ടീമിനെ പ്രഖ്യാപിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് 19 സൃഷ്ടിക്കുന്ന പ്രതിസന്ധി ഇന്ത്യയുടെ ജിഡിപി വളര്‍ച്ചയെ അര ശതമാനം മുതല്‍ ഒരു ശതമാനം വരെ കുറച്ചേക്കാമെന്നും പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞന്‍ കൂടിയായ മന്‍മോഹന്‍സിങ്ങ് അഭിപ്രായപ്പെട്ടു.

നോട്ട്‌നിരോധന കാലത്ത് രാജ്യത്തിന്റെ ജിഡിപിയില്‍ വലിയ കുറവ് സംഭവിക്കുമെന്ന് മന്‍മോഹന്‍ സിങ്് മുന്നറിയിപ്പ് നല്‍കിയിരുന്നു.
1991ലെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ അതൊരു വെല്ലുവിളിയായി ഏറ്റെടുത്തതും കര്‍ക്കശമായ പരിഷ്‌കരണങ്ങള്‍ നടപ്പാക്കുകയും ചെയ്തതും മന്‍മോഹന്‍ സിങ് ആയിരുന്നു.

രാജ്യം അപകടത്തിലേക്ക് നീങ്ങുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വെറുതെ വാചാലമാവുന്നതിനോടും ഡോ.സിങ് വിമര്‍ശനമുന്നയിച്ചു.

രാജ്യത്തെ നിലവിലെ സാഹചര്യം ‘ഭീകരവും മോശവുമായ’ അവസ്ഥയിലാണ്. ഇതിനെ കേവലം വാക്കുകളിലൂടെയല്ല, പ്രവൃത്തികളിലൂടെയാണ് രാഷ്ട്രത്തെ ബോധ്യപ്പെടുത്തേണ്ടത്. നമ്മള്‍ നേരിടുന്ന അപകടങ്ങളെക്കുറിച്ച് പ്രധാനമന്ത്രിക്ക് അറിയാമെന്നും അദ്ദേഹത്തിന് കഴിയുന്നത്ര സുഗമമായി ഇത് പരിഹരിക്കാന്‍ സഹായിക്കാമെന്ന് രാജ്യത്തിന് ഉറപ്പുനല്‍കണമെന്നും’ മന്‍മോഹന്‍ സിങ് പറഞ്ഞു.

ഇപ്പോഴത്തെ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാറിന് മുന്നില്‍ മൂന്ന് നിര്‍ദേശങ്ങളും മന്‍മോഹന്‍ സിങ് മുന്നോട്ടുവെച്ചിട്ടുണ്ട്.
കൊറോണ വ്യാപനം തടയുന്നതിന് എല്ലാ പരിശ്രമങ്ങളും അടിയന്തരമായി നടത്തണമെന്നതാണ് ആദ്യത്തേത്.
വിഷലിപ്തമായ സാമൂഹികാന്തരീക്ഷം ഇല്ലാതാക്കാനും ദേശീയ ഐക്യം പരിപോഷിപ്പിക്കാനും പൗരത്വ നിയമം പിൻവലിക്കുകയോ ഭേദഗതി ചെയ്യുകയോ ചെയ്യണം എന്നതാണ് രണ്ടാമത്തെ നിര്‍ദ്ദേശം.
മൂന്നാമതായി, സാമ്പത്തിക മേഖലയുടെ പുനരുത്ഥാനത്തിനും ഉപഭോക്താവിന്റെ ക്രയശേഷി വര്‍ധിപ്പിക്കാനുമായി വിശദവും സൂക്ഷ്മവുമായ സാമ്പത്തിക ഉത്തേജക പദ്ധതി തയ്യാറാക്കണം., മന്‍മോഹന്‍ സിങ് നിര്‍ദ്ദേശിച്ചു.

കഴിഞ്ഞയാഴ്ച ഡല്‍ഹിയിലെ വിവിധ ഭാഗങ്ങളില്‍ നടന്ന കലാപത്തെ തുടര്‍ന്നെഴുതിയ ലേഖനം വളരെ ദു:ഖത്തോടെ തന്നെയെന്ന് പരാമര്‍ശിച്ചാണ് മന്‍മോഹന്‍ സിങ് എഴുതുന്നത്. ഈ സമൂഹത്തിലെ ചിലരും രാഷ്ട്രീയ വര്‍ഗ്ഗവും ചേര്‍ന്ന് സാമുദായിക സംഘര്‍ഷങ്ങള്‍ക്ക് തിരികൊളുത്തിയതായും മതപരമായ അസഹിഷ്ണുതയുടെ ജ്വാലകള്‍ ഊതിക്കത്തിച്ചതായും അദ്ദേഹം വിമര്‍ശിച്ചു. പൗരന്മാരെയും നീതിന്യായ സ്ഥാപനങ്ങളെയും മാധ്യമങ്ങളെയും സംരക്ഷിക്കുക എന്ന ധര്‍മ്മം ക്രമസമാധാന പാലനം നടത്തേണ്ട കേന്ദ്രങ്ങള്‍ അവഗണിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സാമ്പത്തിക തളര്‍ച്ചയുടെ കാലത്ത് സാമൂഹിക അനൈക്യവും സാമുദായിക സംഘര്‍ഷവും പ്രതിസന്ധി രൂക്ഷമാക്കുകയാണ് ചെയ്യുന്നത്. സാമൂഹികമായ അസ്വസ്ഥതകള്‍ നിക്ഷേപകരെ വ്യവസായികളെയും പുതിയ പദ്ധതികള്‍ ഏറ്റെടുക്കുന്നതില്‍ ഭീതി പടര്‍ത്തുന്നുണ്ട്.
തകര്‍ന്നുകൊണ്ടിരിക്കുന്ന സമ്പദ്‌വ്യവസ്ഥയുടെ കാലഘട്ടത്തില്‍, ഇത്തരം സാമൂഹിക അശാന്തി സൃഷ്ടിക്കുന്ന ആഘാതം സാമ്പത്തിക മാന്ദ്യം വര്‍ധിപ്പിക്കുകയേയുള്ളൂവെന്നും അദ്ദേഹം പറയുന്നു.

രാജ്യത്തെ സര്‍വകലാശാലകളും പൊതുസ്ഥലങ്ങളും വീടുകളും സാമുദായിക സംഘര്‍ഷങ്ങളുടെ കേന്ദ്രമായി മാറിയെന്നും ഇത് ഇന്ത്യന്‍ ചരിത്രത്തിലെ ഇരുണ്ട കാലഘട്ടത്തെയാണ് ഓര്‍മ്മിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ക്രമസമാധാനം പുലര്‍ത്തേണ്ട സ്ഥാപനങ്ങള്‍ പൗരന് സംരക്ഷണം നല്‍കുകയെന്ന അവരുടെ ധര്‍മ്മം മറന്നു. നീതിന്യായ വ്യവസ്ഥയും ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമങ്ങളും നമ്മെ പരാജയപ്പെടുത്തി.

സാമൂഹ്യ സംഘര്‍ഷങ്ങളുടെ തീ രാജ്യത്തുടനീളം പടരുകയാണ്. ഈ സംഘര്‍ഷങ്ങള്‍ക്ക് തിരികൊളുത്തിയ അതേ ആളുകള്‍ക്ക് മാത്രമേ അതിനി കെടുത്താനും സാധിക്കൂ, മന്‍മോഹന്‍ സിങ് പറഞ്ഞു.

ഓരോ വര്‍ഗീയ കലാപവും മഹാത്മ ഗാന്ധിയുടെ ഇന്ത്യയ്ക്കു മേലുള്ള കളങ്കമാണ്. ഭൂതകാല കലാപങ്ങളെ ഉയര്‍ത്തിക്കാട്ടി രാജ്യത്ത് ഇപ്പോള്‍ നടക്കുന്ന കലാപത്തെ ന്യായീകരിക്കുന്നത് ഒരേസമയം നിരര്‍ത്ഥവും ബാലിശവുമാണ്. സാമ്പത്തിക അരക്ഷിതാവസ്ഥയുള്ള ഭൂരിപക്ഷവാദ ഭരണകൂടമായി നമ്മള്‍ മാറുന്നതോടെ പുരോഗമന ജനാധിപത്യ സംവിധാനത്തിലൂടെ ലോകത്തിനു മുന്നില്‍ മികച്ച സാമ്പത്തിക വികസനത്തിന്റെ മാതൃകയാവാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ വര്‍ഷങ്ങള്‍ക്കുള്ളില്‍ വൃഥാവിലാകുമെന്നും, മുന്‍ പ്രധാനമന്ത്രിയും സാമ്പത്തിക ശാസ്ത്രജ്ഞനുമായ മന്‍മോഹന്‍ സിങ് പറഞ്ഞു.