രാമക്ഷേത്രം നിര്‍മിച്ചാല്‍ കോവിഡിനെ തുടച്ചു നീക്കാം എന്നാണ് ചിലരുടെ വിചാരം; ആഞ്ഞടിച്ച് ശരദ്പവാര്‍

മുംബൈ: കോവിഡ് മഹാമാരിക്കിടെ രാമക്ഷേത്ര നിര്‍മാണവുമായി മുമ്പോട്ടു പോകുന്ന ശ്രാരാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റിന്റെ തീരുമാനത്തെ രൂക്ഷമായി വിമര്‍ശിച്ച് എന്‍.സി.പി നേതാവ് ശരദ് പവാര്‍. രാമക്ഷേത്രം നിര്‍മിച്ചാല്‍ കോവിഡിനെ ഇല്ലാതാക്കാം എന്നാണ് ചിലര്‍ കരുതുന്നത് എന്ന് പവാര്‍ പരിഹസിച്ചു.

രാമജന്മഭൂമി ക്ഷേത്രത്തിന് തറക്കല്ലിടാന്‍ കഴിഞ്ഞ ദിവസം ട്രസ്റ്റ് തീരുമാനിച്ചിരുന്നു. ഓഗസ്റ്റ് മൂന്നിനോ അഞ്ചിനോ പരിപാടി നടത്താനാണ് ആലോചിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ തറക്കല്ലിടല്‍ കര്‍മ്മത്തിനായി ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്.

‘കോവിഡ് 19നെ തുടച്ചുനീക്കുക എന്നതാണ് മഹാരാഷ്ട്ര സര്‍ക്കാറിന്റെ ലക്ഷ്യം. എന്നാല്‍ ചിലര്‍ ചിന്തിക്കുന്നത് ക്ഷേത്ര നിര്‍മാണം കോവിഡിനെ ഇല്ലാതാക്കും എന്നാണ്’- സോളാപൂരില്‍ മാദ്ധ്യമങ്ങളോട് അദ്ദേഹം പറഞ്ഞു.

അതേസമയം, രാമക്ഷേത്രം വിശ്വാസത്തിന്റെ പ്രശ്‌നമാണെന്നു ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയം അതിലില്ലെന്നും മുംബൈ സൗത്തില്‍ നിന്നുള്ള ശിവസേനാ എം.പി അരവിന്ദ് സാവന്ത് പറഞ്ഞു.

നേരത്തെ, ജൂലൈ രണ്ടിനാണ് ക്ഷേത്രനിര്‍മാണത്തിനായി ഭൂമി പൂജ നടത്താന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തെ തുടര്‍ന്ന് ചടങ്ങ് മാറ്റിവയ്ക്കുകയായിരുന്നു.

SHARE