‘ഭൂരിപക്ഷം 80 ശതമാനം, മുസ്‌ലിംകള്‍ 20 ശതമാനം മാത്രം’; മുസ്ലീംകള്‍ക്ക് മുന്നറിയിപ്പുമായി ബിജെപി എംഎല്‍എയുടെ പ്രകോപന പ്രസംഗം

ബംഗളൂരു: പൗരത്വഭേദഗതി നിയമത്തെ എതിര്‍ക്കുന്നവര്‍ പാകിസ്താനിലേക്ക് പോകണമെന്ന് കര്‍ണ്ണാടകയിലെ ബെല്ലാരി എം.എല്‍.എ സോമശേഖര റെഡ്ഡി. ഭൂരിപക്ഷത്തെ പ്രകോപിപ്പിക്കുന്നതിനു പരിധിയുണ്ട്. ഭൂരിപക്ഷ വിഭാഗം തുനിഞ്ഞിറങ്ങിയാല്‍ ഇപ്പോള്‍ സമരം ചെയ്യുന്ന കൂട്ടര്‍ ബാക്കിയുണ്ടാവില്ല. സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് തീയിടുന്നവരുടെ സ്വത്ത് കത്തിക്കാന്‍ തങ്ങള്‍ക്ക് അറിയാമെന്നും റെഡ്ഡി പറഞ്ഞു.

‘പ്രതിഷേധിക്കുന്നവര്‍ക്ക് ഞാന്‍ മുന്നറിയിപ്പ് നല്‍കുകയാണ്. ഇവര്‍ വെറും അഞ്ച് ശതമാനമേയുള്ളു. കോണ്‍ഗ്രസിലെ മണ്ടന്മാര്‍ നിങ്ങളോട് കള്ളം പറയുകയാണ്. അവരെ വിശ്വസിച്ച് നിങ്ങള്‍ തെരുവിലേക്കും വരുന്നു. ഞങ്ങളാണ് 80 ശതമാനവും, നിങ്ങള്‍ വെറും 17 ശതമാനമേയുള്ളു. ഞങ്ങള്‍ നിങ്ങള്‍ക്കെതിരെ തിരിഞ്ഞാല്‍ എന്താകും അവസ്ഥ?’ പൗരത്വഭേദഗതിയെ പിന്തുണച്ച് ബിജെപി നടത്തിയ പൊതുപരിപാടിയില്‍ പ്രസംഗിക്കവേ സോമശേഖര റെഡ്ഡി പറഞ്ഞു.

പേരെടുത്തു പറയാതെയുള്ള പരാമര്‍ശങ്ങള്‍ മുസ്ലീംകള്‍ക്കെതിരെയാണെന്ന് അദ്ദേഹം പിന്നീട് വ്യക്തമാക്കുകയും ചെയ്തു. 80 ശതമാനം ഹിന്ദുക്കളും 20 ശതമാനം മുസ്ലീംകളും എന്നു തന്നെയാണ് താന്‍ ഉദ്ദേശിച്ചതെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. മുസ്ലീം ജനത തങ്ങളുടെ സ്വത്തുവകകള്‍ നശിപ്പിക്കാന്‍ വന്നാല്‍ നോക്കിനില്‍ക്കില്ലെന്നും സോമശേഖരറെഡ്ഡി പറഞ്ഞു.

SHARE