സിയാച്ചിനിലെ സൈനികര്‍ക്ക് ആവശ്യമായ ഭക്ഷണം പോലുമില്ല; മണ്ണിടിച്ചില്‍ മരണങ്ങള്‍ തുടര്‍ക്കഥയാവുന്നു

ന്യൂഡല്‍ഹി: സിയാച്ചിനിലും ലഡാക്കിലും കൊടുംമഞ്ഞില്‍ രാജ്യത്തിനുവേണ്ടി കാവല്‍ നില്‍ക്കുന്ന ജവാന്‍മാര്‍ക്ക് മതിയായ ആഹാരവും അവശ്യവസ്തുക്കളായ ബൂട്ടുകളും മഞ്ഞില്‍ ഉപയോഗിക്കുന്ന കണ്ണടകളും ലഭിക്കുന്നില്ലെന്ന് സി.എ.ജി റിപ്പോര്‍ട്ട്. ദിവസവും കഴിക്കാന്‍ അവശ്യമായ ആഹാരം പോലും ഇന്ത്യന്‍ സൈനികര്‍ക്ക് ലഭിക്കുന്നില്ലെന്നും കണ്‍ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ രാജീവ് മെഹ്‌റിഷിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. സിയാച്ചിനടക്കമുള്ള മേഖലകളില്‍ മണ്ണിടിച്ചിലില്‍ സൈനികര്‍ക്ക് ജീവന്‍ നഷ്ടമാകുന്നത് തുടര്‍ക്കഥയാകുമ്പോഴും അവഗണന തുടരുകയാണെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

രാജ്യസഭയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് എന്നാല്‍ ലോക്‌സസഭയില്‍ തള്ളുകയായിരുന്നു. ഉയര്‍ന്ന പ്രദേശങ്ങളിലെ സൈനികരെക്കുറിച്ച് മാത്രമാണ് റിപ്പോര്‍ട്ടില്‍ എടുത്തുപറയുന്നത് എന്നാണ് രാജ്യസഭയില്‍നിന്ന് ഉയര്‍ന്ന ആരോപണമെന്ന് ട്രിബ്യൂണ്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. 62 മുതല്‍ 98 ശതമാനം വരെയാണ് മഞ്ഞില്‍ ഉപയോഗിക്കുന്ന കണ്ണടകളുടെ അപര്യാപ്തത. 2015 നവംബറിനും 2016 സെപ്തംബറിനുമിടയില്‍ ബൂട്ടുകള്‍ സ്വീകരിക്കാത്തതിനാല്‍ പഴയതും പലകാര്യങ്ങള്‍ക്കായും ഉപയോഗിക്കുന്നതുമായ ബൂട്ടുകളുമാണ് സൈനികര്‍ ഉപയോഗിക്കുന്നത്.

പഴയ തരത്തിലുള്ള ഫേസ് മാസ്‌ക്കുകളും ജാക്കറ്റുകളും സ്ലീപ്പിംഗ് ബാഗുകളുമാണ് അതിര്‍ത്തിയിലെ ഉയര്‍ന്ന പ്രദേശങ്ങളിലെ സൈനികര്‍ ഇപ്പോഴും ഉപയോഗിക്കുന്നത്. ഇത് വളരെ ദുരിതപൂര്‍ണ്ണമാണെന്നും സി.എ.ജി റിപ്പോര്‍ട്ട് പറയുന്നു.

പ്രതിരോധ ഉപകരണങ്ങളില്‍ മതിയായ ഗവേഷണങ്ങള്‍ നടക്കാത്തത് കാരണം കൂടുതലായും ഇറക്കുമതി ചെയ്ത ഉപകരണങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയാണെന്നും റിപ്പോര്‍ട്ട് പറയുന്നു. ഉയര്‍ന്ന പ്രദേശങ്ങളില്‍ നിയമിക്കുന്ന സൈന്യത്തിന് മതിയായ ഊര്‍ജം ലഭിക്കുന്നതിന് പ്രത്യേക റേഷന്‍ അനുവദിക്കുന്നുണ്ട്. എന്നാല്‍ ഇത് ലഭിക്കാത്തതിനാല്‍ സൈനികര്‍ക്ക് വേണ്ട കലറിയുടെ അളവില്‍ 82 ശതമാനത്തിന്റെ കുറവുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

SHARE