ന്യൂഡല്‍ഹി: സൂര്യഗ്രഹണം കാണാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉപയോഗിച്ച കണ്ണടയുടെ വിലയെച്ചൊല്ലി സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച. 1.4 ലക്ഷം രൂപ ചിലവു വരുന്ന ജര്‍മ്മന്‍ നിര്‍മ്മിത കണ്ണടയാണ് പ്രധാനമന്ത്രി ധരിച്ചതെന്നാണ് ആരോപണം. മോദിക്കെതിരെ വ്യാപകമായി ട്രോളുകളും വിമര്‍ശനങ്ങളുമാണ് ഉയരുന്നത്.
കുറഞ്ഞ വിലയ്ക്കുള്ള ഫില്‍റ്റര്‍ കണ്ണട കൈയ്യില്‍ പിടിച്ചിട്ടും അത് ധരിയ്ക്കാതെ, രാജ്യം കനത്ത സാമ്പത്തിക പ്രതിസന്ധിനേരിടുമ്പോള്‍ അനാവശ്യമായി പണം ചിലവിട്ട് മോദി അധികാരദുര്‍വിനിയോഗം ആവര്‍ത്തിക്കുകയാണെന്നാണ് വിമര്‍ശനം. പ്രതിപക്ഷം ഇത് ഏറ്റെടുത്തതോടെ മോദിയുടെ കോട്ടിന് പിന്നാലെ കണ്ണടയും വാര്‍ത്തയാവുകയാണ്. രാഷ്ട്രീയ നിരീക്ഷകനും സാമൂഹ്യപ്രവര്‍ത്തകനുമായ ധ്രുവ് രൂക്ഷ വിമര്‍ശനമാണ് ഉയര്‍ത്തിയത്.
‘പ്രധാനമന്ത്രി നരേന്ദ്രമോദി 1.4 ലക്ഷം രൂപയുടെ സണ്‍ഗ്ലാസ് ധരിച്ചതില്‍ എനിക്ക് വ്യക്തിപരമായി പ്രശ്നങ്ങളൊന്നുമില്ല. പക്ഷേ അദ്ദേഹം സ്വയം ഞാനൊരു ഫക്കീര്‍ ആണെന്ന് വിളിക്കുന്നത് നിര്‍ത്തണം- ധ്രുവ് ഫെയ്സ്ബുക്കില്‍ കുറിച്ചു. ഹിമാചലില്‍ കണ്ടുവരുന്ന കൂണുകള്‍ കൊണ്ടുണ്ടാക്കിയ വിഭവങ്ങളാണ് മോദി ഭക്ഷിക്കുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഒരു കിലോ കൂണിന് 30,000 രൂപയാണ് വിലയെന്നും ആരോപണമുണ്ട്.
അതേസമയം മേഘങ്ങള്‍ കൊണ്ട് മൂടിയ കാലാവസ്ഥ കാരണം മോദിക്ക് സൂര്യനെ നേരിട്ടുകാണാന്‍ കഴിഞ്ഞില്ല. കോഴിക്കോട്ടുനിന്നുള്ള തത്സമയ ദൃശ്യങ്ങളിലൂടെയാണ് പിന്നീട് മോദി ഗ്രഹണം കണ്ടത്. 2019 ലെ വലയസൂര്യഗ്രഹണം കാണുന്നതിനു വേണ്ടി എല്ലാ ഇന്ത്യക്കാരെയും പോലെ ഞാനും അത്യുത്സാഹത്തിലായിരുന്നു. നിര്‍ഭാഗ്യവശാല്‍,മേഘങ്ങള്‍ മൂടിയതുകാരണം എനിക്ക് സൂര്യനെ കാണാന്‍ കഴിഞ്ഞില്ല. എന്നാല്‍ കോഴിക്കോടുനിന്നും മറ്റുഭാഗങ്ങളില്‍ നിന്നുമുള്ള തത്സമയ ദൃശ്യങ്ങള്‍ അല്പനേരത്തേക്കു കാണാന്‍ കഴിഞ്ഞു.വിദഗ്ദ്ധരുമായി ചര്‍ച്ച നടത്തിയത് ഈ വിഷയത്തിലുള്ള എന്റെ അറിവ് വര്ധിപ്പിക്കാനിടെയായി- എന്ന കുറിപ്പും സൂര്യനെ കാണുന്നതിനു വേണ്ടി ശ്രമിക്കുന്നതിന്റെയും തത്സമയ ദൃശ്യങ്ങള്‍ പ്രൊജക്ടര്‍ വഴി കാണുന്നതിന്റെയും ഫോട്ടോകള്‍ ട്വിറ്ററിലും ഫെയ്സ്ബുക്കിലും മോദി പങ്കുവെച്ചു.