സാമൂഹിക അകലം ഒരാഴ്ച മുമ്പ് തുടങ്ങിയിരുന്നെങ്കില്‍ അമേരിക്കയില്‍ 36000 മരണം ഒഴിവാക്കാമായിരുന്നുവെന്ന് പഠനം

അമേരിക്കയില്‍ കോവിഡ് വ്യാപനത്തെ തുടര്‍ന്നുള്ള മരണം കുതിക്കുന്നു. അതിനിടെ ഒരാഴ്ച മുമ്പുതന്നെ സാമൂഹിക അകലം പാലിക്കാന്‍ തുടങ്ങിയിരുന്നെങ്കില്‍ അമേരിക്കയില്‍ കുറഞ്ഞത് 36,000 പേരുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയുമായിരുന്നുവെന്ന് പുതിയ പഠനം വ്യക്തമാക്കുന്നു. വ്യാഴാഴ്ച വരെ രാജ്യത്തുടനീളം കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 93,439 ആയി ഉയര്‍ന്നു. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ കണക്കുകള്‍ പ്രകാരം 1,551,853 പേരിലാണ് ഇതുവരെ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

മാര്‍ച്ച് 15 മുതല്‍ മെയ് 3 വരെ രോഗവ്യാപന നിരക്ക് കണക്കാക്കാന്‍ എപ്പിഡെമോളജിക്കല്‍ മോഡലിംഗ് ഉപയോഗിച്ച് യുഎസിലുടനീളം വൈറസ് പകരുന്നത് ചിത്രീകരിക്കുന്ന ഒരു മാതൃകയാണ് കൊളംബിയ സര്‍വകലാശാലയിലെ ഗവേഷകര്‍ തയ്യാറാക്കിയതെന്ന് പ്രമുഖ ഗവേഷകനും എപ്പിഡെമിയോളജിസ്റ്റുമായ ജെഫറി ഷാമന്‍ സിഎന്‍എന്നിനോട് പറഞ്ഞു. രണ്ടാഴ്ച മുമ്പ് രാജ്യം ലോക്ക്‌ഡൌണ്‍ ഏര്‍പ്പെടുത്തിയിരുന്നെങ്കില്‍ 84% മരണങ്ങളും 82% കേസുകളും തടയാന്‍ കഴിയുമായിരുന്നുവെന്ന് ഗവേഷണ റിപ്പോര്‍ട്ട് പറയുന്നു. ന്യൂയോര്‍ക്ക് മെട്രോ പ്രദേശത്ത് മാത്രം, ഒരാഴ്ച മുമ്പ് യുഎസ് പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ 17,500 ആളുകള്‍ മരിക്കുന്നത് ഒഴിവാക്കാമായിരുന്നു, ഷാമന്‍ പറഞ്ഞു.

‘ഈ രോഗം എപ്പോഴാണ് നഗരത്തില്‍ വരാന്‍ തുടങ്ങിയതെന്ന് ഞങ്ങള്‍ക്ക് ഉറപ്പില്ല. ഞങ്ങള്‍ ഇത് മാര്‍ച്ച് ആണെന്ന് കരുതി, എന്നാല്‍ പുതിയ റിപ്പോര്‍ട്ട് പ്രകാരം ജനുവരിയിലും ഫെബ്രുവരിയിലും രോഗബാധിതര്‍ ന്യൂയോര്‍ക്കില്‍ എത്തിയിരുന്നു, ആ സമയത്ത് ഞങ്ങള്‍ക്ക് പരിശോധന ഇല്ലായിരുന്നു ‘ ന്യൂയോര്‍ക്ക് സിറ്റി മേയര്‍ ബില്‍ ഡി ബ്ലാസിയോ വ്യാഴാഴ്ച പറഞ്ഞു,

നേരത്തെയുണ്ടായിരുന്ന കണക്ക് പ്രകാരം മാര്‍ച്ച് ഒന്നിനാണ് നഗരത്തില്‍ ആദ്യമായി കോവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതായിരുന്നു ഔദ്യോഗിക കണക്ക്. അതിനും 13 ദിവസത്തിന് ശേഷമാണ് ആദ്യത്തെ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. എന്നാല്‍ അതിനുമുമ്പ് തന്നെ രോഗം ന്യൂയോര്‍ക്കിലുണ്ടായിരുന്നു. ഇത് തിരിച്ചറിയാന്‍ കഴിഞ്ഞില്ല. പരിശോധനയുടെ അഭാവത്തെ ‘വളരെ വേദനാജനകമാണ്’ എന്ന് ഡി ബ്ലാസിയോ വിശേഷിപ്പിച്ചു.

SHARE