കോവിഡ് ബാധിച്ച ഉമ്മയെ മകന്‍ അവസാനമായി കണ്ടത് ആശുപത്രിയുടെ ജനാലയ്ക്ക് മുകളില്‍ കയറി; ദൃശ്യം വൈറല്‍

കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായ അമ്മയെ കാണാന്‍ മകന്‍ ആശുപത്രി എസിയുവിന്റെ പുറം ജനാലയില്‍ കയറിപ്പറ്റിയ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. മരണക്കിടക്കയിലായ ഉമ്മയെ അവസാനമായി കാണാനും അവസാന നിമിഷങ്ങള്‍ അരികിലിരിക്കാനുമായാണ് ഫലസ്തീനിലെ ബെയ്ത്ത്അവ സ്വദേശിയായ യുവാവ് അമ്മയെ ചികിത്സിക്കുന്ന ഹെബ്റോണ്‍ ആശുപത്രിയുടെ എസിയുവിന്റെ പുറം ജനാലയില്‍ കയറിപ്പറ്റിയത്. കോവിഡ് ബാധിച്ച് ആശുപത്രിയിലായ ഉമ്മയെ മകന്‍ ജിഹാദ് അൽ സുവൈതി അവസാനമായി കണ്ട ചിത്രമാവുകയായിരുന്നു അത്.

73 കാരിയായ അമ്മ റസ്മി സുവൈതി നാല് ദിവസം മുമ്പാണ് കൊറോണ ബാധിച്ച് മരണമടഞ്ഞത്. മകന്‍ ജിഹാദ് അൽ സുവൈതി കാണാനെത്തിതിന് ശേഷമായിരുന്നു മരണം. റസ്മി സുവൈതി ബ്ലഡ് ക്യാന്‍സര്‍ ബാധിതയായി ചികിത്സയിലായിരുന്നു. ഈ സമയത്താണ് കൊറോണ പിടിപെടുന്നത്. അഞ്ച് ദിവസമായി ഇവര്‍ ഹെബ്‌റോണ്‍ സ്റ്റേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.  ഹൃദയസ്പർശിയായ ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലായി.

മരണത്തോട് മല്ലിടുന്ന മാതാവിനെ കാണാന്‍ മകന്‍ എല്ലാ നിയന്ത്രണങ്ങളോടുംകൂടെ ആശുപത്രിയില്‍ പ്രവേശിക്കാന്‍ തയ്യാറായിരുന്നു. എന്നാല്‍ അധികൃതര്‍ അനുവദിച്ചിരുന്നില്ല. തുടര്‍ന്നാണ് യുവാവ് അവസാന ശ്രമമെന്ന രീതിയില്‍ കെട്ടിടത്തിന് മുകളില്‍ കയറിയതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.