മുന്നില്‍ വന്നിരുന്ന് ഹിമപുള്ളിപ്പുലി; സോഷ്യല്‍മീഡിയയില്‍ വൈറലായി ഹിമാചലിലെ ‘അപൂര്‍വ കാഴ്ച’

മഞ്ഞുമലകളില്‍ സന്ദര്‍ശനം പതിവാക്കിയ ഗവേഷകര്‍ക്ക് പോലും നിഗൂഢത നിറഞ്ഞ ഈ അപൂര്‍വ്വ മൃഗത്തെ കാണല്‍ അസാധ്യമാണ്

പുലിവര്‍ഗ്ഗങ്ങളില്‍ നിഗൂഢമായ രീതിയില്‍ മനുഷ്യ വാസങ്ങളില്‍ നിന്നും ഏറെയകന്ന് പര്‍വ്വത നിരകളില്‍ ജീവിക്കുന്ന ഹിമപുള്ളപ്പുലിയുടെ ‘അപൂര്‍വ കാഴ്ച’ സോഷ്യല്‍മീഡിയയില്‍ വൈറല്‍. ഹിമാചല്‍ പ്രദേശിലെ സ്പിതി വാലിയിലെത്തിയ പ്രകൃതി സ്‌നേഹികള്‍ക്ക് മുന്നിലാണ് അദ്ഭുതമെന്നോണം രോമകുപ്പായത്താല്‍ പുതുച്ചുമൂടിയ വലിയപൂച്ച വന്നുനിന്നത്. മഞ്ഞുമൂടിയ താഴ്‌വരയിലൂടെ ഹിമപുള്ളിപ്പുലി നടന്നുവരുന്ന കാഴ്ച സഞ്ചാരികള്‍ പകര്‍ത്തുകയായിരുന്നു. ഗംഭീര കാഴ്ചയൊരുക്കിയ മഞ്ഞുപുലി ഒടുക്കം ക്യാമറാമാന് മുന്നില്‍ പോസുചെയ്യാനും മറന്നിട്ടില്ല!!

സ്പിതി താഴ്്‌വരയിലൂടെ കാറില്‍ സഞ്ചിരിക്കുന്ന രണ്ടംഗ സംഘമാണ് വൈറല്‍ ദൃശ്യം പകര്‍ത്തിയതെന്ന് വീഡിയോയില്‍ നിന്നും വ്യക്തമാണ്.

അതേസമയം, ദൃശ്യം പകര്‍ത്തിയ ആള്‍ ആരാണെന്ന കാര്യത്തില്‍ സോഷ്യല്‍മീഡിയയില്‍ ഇതുവരെ തീരുമാനമായിട്ടില്ല. എം.ടി.വി അവതാരകന്‍ നിഖിന്‍ ചിന്നപ്പ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ദൃശ്യം ഇതുവരെ ലക്ഷത്തിലധികം ആളുകളാണ് കണ്ടെത്. വീഡിയോയുടെ യഥാര്‍ത്ഥ അവകാശി മൃഗ സ്‌നേഹിയും ആനിമല്‍ ആക്റ്റിവിസ്റ്റുമായ സുദര്‍ശന്‍ താക്കൂര്‍ ആണെന്നും ചിന്നപ്പ ട്വീറ്റില്‍ പങ്കുവെക്കുന്നുണ്ട്. ഫെബ്രുവരി 16നാണ് സുദര്‍ശന്‍ അപൂര്‍വ ദൃശ്യം ട്വീറ്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ ഇദ്ദേഹത്തിന്റെ ട്വീറ്റ് വളരെ കുറഞ്ഞ പേര്‍ മാത്രമാണ് കണ്ടെത്.

ഹിമാലയന്‍ സന്ദര്‍ശനം പതിവാക്കിവര്‍ക്ക് പോലും നിഗൂഢമായ ഹിമപുള്ളിപ്പുലിയെ കാണല്‍ അസാധ്യമാണ്. ഹിമപുള്ളിപ്പുലിതേടിയിറങ്ങുന്ന ഗവേഷകര്‍ക്ക് പോലും അപൂര്‍വ്വ മൃഗത്തെ കാണല്‍ അങ്ങേയറ്റം നിരാശാജനകമായ അനുഭവമായിരിക്കും. വെളുപ്പും ചാരനിറവുമുള്ള ഈ വലിയ പൂച്ച ഓന്തിനെപ്പോലെ തന്റെ വാസകേന്ദ്രമായ ഹിമ പര്‍വതപ്രദേശവുമായി തിരിച്ചറിയാനാവാത്ത വിധം പറ്റിച്ചേരുന്നതാണ്. അതിനെ അതിന്റെ സ്വാഭാവിക ചുറ്റുപാടില്‍ കണ്ടിട്ടുള്ളവരുടെ എണ്ണം വളരെ കുറവായിരിക്കുന്നതിന്റെ ഒരു കാരണം ഇതാണ്. എന്തു പറയേണ്ടു, ഈ നിഗൂഢ പുലിയെ കുറിച്ചു പഠിക്കാന്‍ പരുക്കന്‍ പര്‍വതപ്രദേശത്തു ചെന്നിട്ടുള്ള ചില ഗവേഷകര്‍ക്ക് ആ മൃഗത്തെ ഒന്നു കാണുകപോലും ചെയ്യാതെ നിരാശരായി മടങ്ങേണ്ടിവന്നിട്ടുണ്ട്!

വളരെ ചുരുക്കം ചില ആളുകളേ അവയുടെ പ്രകൃതിദത്ത വാസസ്ഥലത്തുവെച്ച് അവയെ കണ്ടിട്ടുള്ളൂ. ഈ മൃഗങ്ങളുടെ ജീവിതരീതിയെപ്പറ്റി ഇതുവരെ കാര്യമായൊന്നും പുറത്തുവന്നിട്ടുമില്ല. ബി.ബി.സി നിര്‍മിച്ച ഡേവിഡ് ആറ്റന്‍ബറോയുടെ പ്ലാനറ്റ് എര്‍ത്ത് ഡോക്യുമെന്ററിയിലെ ‘സ്‌നോ ലിയോപാര്‍ഡ് ബിയോണ്ട് ദി മിത്ത്’ മാത്രമാണ് ഇതിനുമുന്നേ പ്രേക്ഷരുടെ മുന്നിലെത്തിയ ഹിമപുള്ളിപ്പുലിയുടെ വൈറല്‍ ദൃശ്യം.

ഹിമപുള്ളിപ്പുലികളെ കാണാന്‍ വളരെ പ്രയാസമായിരിക്കുന്നതിനു മറ്റൊരു കാരണം, അവ ഏകാന്തമായി കഴിയാന്‍ ഇഷ്ടപ്പെടുന്നു എന്നതാണ്. മാത്രമല്ല, സാധാരണ ഗതിയില്‍ അവയുടെ ഇരയായ കാട്ടാടുകള്‍ പര്‍വതനിരകളില്‍ അപൂര്‍വമായതിനാല്‍ അവയുടെ വിഹാരസ്ഥലം വളരെ വിശാലമാണ്. ഭൂട്ടാന്‍ മുതല്‍ റഷ്യ വരെ, ചുരുങ്ങിയത് 12 രാജ്യങ്ങളിലെങ്കിലും ഹിമപുള്ളിപ്പുലികള്‍ ഉണ്ടെങ്കിലും, സാധാരണമായി ഹിമാലയന്‍ പര്‍വത നിരകളിലാണ് ഇവ കൂടുതലായി ഉള്ളത്. ലോകത്തിലേക്കും ഏറ്റവും ഉയരം കൂടിയ അതിമനോഹരമായ ഈ പര്‍വതപ്രദേശം മനുഷ്യവാസത്തിനു യോജിച്ചതല്ല. ലോകത്തില്‍ ഏറ്റവും തണുപ്പേറിയതും നിമ്‌നോന്നതവുമായ പര്‍വതനിരകളാണ് മധ്യേഷ്യയിലെ ഈ പര്‍വതനിരകള്‍.

എന്നാല്‍, 3,000 മുതല്‍ 4,500 വരെ മീറ്റര്‍ ഉയരമുള്ള സ്ഥലങ്ങളില്‍ സുഖമായി കഴിയാന്‍ ഹിമപുള്ളിപ്പുലിക്കു കഴിയുന്നു. അതിന്റെ കട്ടികൂടിയ രോമക്കുപ്പായം തണുപ്പില്‍നിന്നു സംരക്ഷണമേകുന്നു, വലിയ നാസാരന്ധ്രങ്ങളാകട്ടെ ഓക്‌സിജന്‍ കുറഞ്ഞ അന്തരീക്ഷത്തില്‍നിന്നു വേണ്ടത്ര പ്രാണവായു വലിച്ചെടുക്കാനും സഹായിക്കുന്നു.

എന്നാല്‍, ദുഃഖകരമെന്നു പറയട്ടെ, ഹിമപുള്ളിപ്പുലിയുടെ രോമചര്‍മത്തോട് ആര്‍ത്തിപൂണ്ട അനധികൃത വേട്ടക്കാര്‍ നിമിത്തം അവയുടെ എണ്ണം വളരെ കുറഞ്ഞിരിക്കുകയാണ്. വംശനാശ ഭീഷണി നേരിടുന്ന മൃഗങ്ങളുടെ കൂട്ടത്തില്‍ ഇപ്പോള്‍ പെടുത്തി അപൂര്‍വ്വ ജീവിയുടെ സംരക്ഷണത്തിനായി മൃഗശാലകളും മറ്റുമായി നിരവധി മൃഗസ്‌നേഹികള്‍ രംഗത്തുണ്ട്. ഫിന്‍ലന്‍ഡിലെ ഹെല്‍സിങ്കി മൃഗശാലയിലെ ഒരു മുഖ്യ ആകര്‍ഷണമാണു ഹിമപുള്ളിപ്പുലി.