ഉത്ര വധക്കേസ്; പാമ്പ് പിടിത്തക്കാരന്‍ സുരേഷിനെ മാപ്പു സാക്ഷിയാക്കി

കൊല്ലം: ഉത്ര വധക്കേസില്‍ രണ്ടാം പ്രതിയായ പാമ്പ് പിടിത്തക്കാരന്‍ സുരേഷിനെ കോടതി മാപ്പു സാക്ഷിയായി പ്രഖ്യാപിച്ചു. വധക്കേസിലെയും ഗാര്‍ഹിക പീഡനക്കേസിലെയും കുറ്റപത്രം രണ്ടായി സമര്‍പ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. വധക്കേസില്‍ സൂരജിന്റെ അച്ഛനെയും അമ്മയേയും പ്രതിചേര്‍ക്കില്ല.

സൂരജിന് രണ്ടു തവണ പാമ്പിനെ വിറ്റിട്ടുണ്ടെന്ന് ആദ്യം തന്നെ സുരേഷ് സമ്മതിച്ചതാണ്. ഉത്രയെ കൊലപ്പെടുത്താന്‍ വേണ്ടിയാണിതെന്ന് അറിയില്ലെന്നും ആവര്‍ത്തിച്ചു. മാപ്പ് സാക്ഷിയാക്കണമെന്ന രണ്ടാം പ്രതിയുടെ അപേക്ഷ പരിഗണിച്ച് പുനലൂര്‍ കോടതി കഴിഞ്ഞ ദിവസം രഹസ്യ മൊഴിയെടുത്തു. മൊഴിയില്‍ അന്വേഷണ സംഘം തൃപ്തി അറിയിച്ചതോടെയാണ് സുരേഷിനെ മാപ്പു സാക്ഷിയാക്കിയത്.

കൊലപാത കേസിന്റെ കുറ്റപത്രം അടുത്ത മാസം ആദ്യം തന്നെ സമര്‍പ്പിക്കാനുള്ള തിരക്കിട്ട നീക്കത്തിലാണ് ജില്ലാ െ്രെകംബ്രാഞ്ച്. ഗാര്‍ഹിക പീഡനത്തിന്റേത് പിന്നാലെയും. ഇതില്‍ സൂരജിന്റെ അച്ഛനെയും അമ്മയേയും സഹോദരിയേയും പ്രതി ചേര്‍ക്കും. അതിവേഗ വിചാരണയ്ക്കായി ഹൈക്കോടതിയെ സമീപിക്കാനും തീരുമാനിച്ചിട്ടുണ്ട്.

കേസില്‍ പ്രത്യേക അഭിഭാഷകനെ സര്‍ക്കാര്‍ നിയോഗിച്ചു. വന്യജീവി സംരക്ഷണ നിയമ പ്രകാരം വനംവകുപ്പ് എടുത്ത മുന്നു കേസിന്റെയും കുറ്റപത്രം തയാറാക്കി വരികയാണ്. ഉത്ര വധക്കേസില്‍ അറസ്റ്റിലായ സുരജും അച്ഛന്‍ സുരേന്ദ്രനും പാമ്പ് പിടിത്തക്കാരന്‍ സുരേഷും ഇപ്പോഴും ജയിലിലാണ്.

SHARE