മദ്യ ലഹരിയില്‍ വിഷപ്പാമ്പിനെ വിഴുങ്ങി: മധ്യവയസ്‌കന് ദാരുണാന്ത്യം

ലക്‌നൗ: മദ്യ ലഹരിയില്‍ പാമ്പിനെ വിഴുങ്ങിയയാള്‍ക്ക് ദാരുണാന്ത്യം. ഉത്തര്‍പ്രദേശില്‍ മഹിപാല്‍ എന്നയാളാണ് പാമ്പിനെ വിഴുങ്ങി മരിച്ചത്. ഉത്തര്‍പ്രദേശിലെ അമോറ ജില്ലയിലാണ് സംഭവം.

മഹിപാല്‍ മദ്യപിച്ച് ലക്കുകെട്ട് ജീവനുള്ള പാമ്പിനെ എടുത്ത് അഭ്യാസം കാണിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു. അഭ്യാസം കണ്ട് ചുറ്റിലുമുള്ളവര്‍ ആര്‍പ്പുവിളികളോടെ പ്രോല്‍സാഹിപ്പിച്ചു. കൈയടിയും പ്രോത്സാഹനവും കൂടിയതോടെ മഹിപാല്‍ തന്റെ കൈയിലുള്ള പാമ്പിനെ എടുത്ത് വിഴുങ്ങി. കാഴ്ചക്കാരിലൊരാളുടെ വാക്കു കേട്ടാണ് മഹിപാല്‍ പാമ്പിനെ വിഴുങ്ങിയത്.

എന്നാല്‍ ആസമയത്തൊന്നും യാതൊരുവിധ അസ്വസ്ഥതയും പ്രകടിപ്പിക്കാത്ത മഹിപാല്‍ വീട്ടിലെത്തിയപ്പോഴാണ് കാര്യമായ ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ചു തുടങ്ങിയത്. പല തവണ ഛര്‍ദിച്ചെങ്കിലും പാമ്പ് പുറത്തേക്കു വന്നില്ല. അതോടെ ആസ്പത്രിയില്‍ എത്തിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും മഹിപാലിന്റെ ജീവന്‍ രക്ഷിക്കാനായില്ല.

SHARE