തൃശൂര്‍: ബത്തേരിയില്‍ ക്ലാസ് മുറിയില്‍ നിന്നും പാമ്പ് കടിയേറ്റു പെണ്‍കുട്ടി മരിച്ചതിനു പിന്നാലെ തൃശൂരിലെ ഹയര്‍സെക്കണ്ടറി സ്കൂളില്‍ നടത്തിയ പരിശോധനക്കിടെ വിഷപ്പാമ്പിനെ കണ്ടെത്തി. തൃശൂര്‍ കരൂപ്പടന്ന ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളില്‍ വരാന്തയിലെ ടൈല്സിനുള്ളിലാണ് പരിശോധനക്കിടെ പാമ്പിനെ കണ്ടത്.
ബത്തേരി സംഭവത്തിനു പിന്നാലെ സര്‍ക്കാര്‍ നിര്‍ദേശം അനുസരിച്ച് സ്കൂള്‍ അധികൃതര്‍ ക്ലാസ് മുറികളും പരിസരവും പരിശോധന നടത്തികൊണ്ടിരിക്കവെയാണ് പാമ്പിനെ കണ്ടത്. പ്രധാനാധ്യാപിക എം.ജയലക്ഷ്മി പരിശോധിച്ചു കൊണ്ടിരിക്കവെ വരാന്തയില്‍ ടൈലിന്റെ വിടവിനുള്ളില്‍ പാമ്പ് പുറത്തു ചാടുകയായിരുന്നു. കുട്ടികള്‍ എപ്പോഴും ഉണ്ടാകാറുള്ള പ്രധാന വരാന്തയിലാണ് പാമ്പിനെ കണ്ടത്. ഇന്ന് മുതിര്‍ന്ന കുട്ടികള്‍ക്ക് ക്ലാസ് ഉണ്ടായിരുന്നില്ല. ഉടന്‍ തന്നെ അവര്‍ ബന്ധപ്പെട്ട എല്ലാവരേയും വിവരം അറിയിച്ചു. സുരക്ഷാ നടപടികള്‍ സ്വീകരിക്കുന്നതിനും പരിശോധിക്കുന്നതിനുമായി ഇന്ന് രാവിലെ 10 ന് സ്കൂളില്‍ അടിയന്തിരമായി സര്‍വ്വകക്ഷി യോഗം ചേര്‍ന്നു.
ജനപ്രതിനിധികളും സാമൂഹികപ്രവർത്തകരും അധ്യപകരും പൂർവവിദ്യാർഥികളും ഉൾപ്പെടെ നിരവധിപേര്‍ യോഗത്തില്‍ സംബന്ധിച്ചു.