കൊറോണ ഭീതിയിലാണ് ലോകവും രാജ്യവുമെല്ലാം നീങ്ങുന്നത്. എന്നാല്‍ മധ്യപ്രദേശിലെ ഒരു കുടുംബത്തിന് കൊറോണ ഭീതിയില്‍ വീട്ടിലിക്കാന്‍ സാധിക്കാത്ത അവസ്ഥായാണ്. മൂര്‍ഖന്‍ പാമ്പുകളുടെ ശല്യം കാരണം ഒരാഴ്ചയായി ഈ കുടുംബത്തിന്
ഉറക്കം നഷ്ടമായിട്ട്. 123 വിഷപ്പാമ്പുകളാണ് റോണ്‍ ഗ്രാമത്തിലെ ജീവന്‍ സിങ് കുഷ്വാഹിന്റെ വീട്ടില്‍ തലങ്ങും വിലങ്ങും ഇഴഞ്ഞു നീങ്ങിയത്. വീട്ടുകാര്‍ക്കൊപ്പം നാട്ടുകാരും ഉറക്കമൊഴിഞ്ഞ് കാവലിരിക്കുകയാണിപ്പോള്‍.
ഗൃഹനാഥനൊഴികെ മറ്റ് കുടുംബാംഗങ്ങളെല്ലാം മൂര്‍ഖന്‍ പാമ്പുകളുടെ ഭീഷണിയെ തുടര്‍ന്ന് ബന്ധുവീട്ടിലേക്ക് മാറി. ജീവന്‍ സിങ് മാത്രം കാവലായി വീട്ടില്‍ തുടരുകയാണ്. ഒരു കസേരയിലിരുന്ന് പാമ്പുകളുടെ വീട്ടിനുള്ളിലെ സഞ്ചാരം ശ്രദ്ധിക്കുകയാണ് ജീവന്‍ സിങ് ചെയ്യുന്നത്. രാത്രിയാവുന്നതോടെ പാമ്പിന്‍കുഞ്ഞുങ്ങള്‍ മാളങ്ങളില്‍നിന്ന് പുറത്തേക്ക് വന്ന് വീട്ടിനുള്ളിലാകെ ഇഴഞ്ഞു നടക്കും.
വനം വകുപ്പുദ്യോഗസ്ഥര്‍ സ്ഥലത്തെത്തി മാളങ്ങള്‍ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. പാമ്പിന്റെ മുട്ട വിരിഞ്ഞ് കുഞ്ഞുങ്ങള്‍ പുറത്തു വരാന്‍ തുടങ്ങിയിട്ട് മൂന്നോ നാലോ ദിവസമേ ആയിട്ടുണ്ടാവുകയുള്ളു എന്ന് വനം വകുപ്പുദ്യോഗസ്ഥര്‍ അറിയിച്ചു. വലിയ പാമ്പുകളേക്കാള്‍ അപകടം ചെറിയ പാമ്പുകളില്‍ നിന്നാണെന്നും ഇവര്‍ പറഞ്ഞു.
വീടിന്റെ തറയുടെ അടിയില്‍നിന്നാണ് പാമ്പിന്‍ കുഞ്ഞുങ്ങള്‍ ആദ്യമായി പ്രത്യക്ഷപ്പെട്ടതെന്ന് ജീവന്‍ സിങ് പറഞ്ഞു. 51 പാമ്പുകളെ വനം വകുപ്പുദ്യോഗസ്ഥര്‍ പിടികൂടി. അതിനു ശേഷവും ദിവസവും അഞ്ചോ ആറോ പാമ്പുകള്‍ പ്രത്യക്ഷപ്പെടാറുണ്ടെന്ന് ജീവന്‍ സിങ് അറിയിച്ചു.