ഭാര്യയെ കടിച്ച പാമ്പിനെ തല്ലിക്കൊന്ന് കവറിലാക്കി യുവാവ് ആശുപത്രിയിലേക്ക്; ഭയന്നോടി ജീവനക്കാര്‍

ജയ്പൂര്‍: പാമ്പു കടിയേറ്റ ഭാര്യയൊടൊപ്പം എത്തിയ ഭര്‍ത്താവിനെ കണ്ട് ആശുപത്രി അധികൃതര്‍ ഞെട്ടി.രാജസ്ഥാനിലെ ഉദയ്പൂരിലാണ് സംഭവം. ഭാര്യയെ കടിച്ച പാമ്പ് ഏതാണെന്ന് അറിയാത്തത് കൊണ്ട്, തല്ലിക്കൊന്ന പാമ്പിനെ കവറിലിട്ടാണ് ഭര്‍ത്താവ് അംബാലാല്‍ പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ എത്തിയത്. ജീവനുളള പാമ്പാണെന്ന് കരുതി ആശുപത്രി ജീവനക്കാര്‍ മുറവിളി കൂട്ടുകയും ഇറങ്ങി ഓടുകയുമായിരുന്നു.

ചൊവ്വാഴ്ച രാത്രി ഉറങ്ങുന്ന സമയത്താണ് അംബാലാലിന്റെ ഭാര്യയ്ക്ക് പാമ്പു കടിയേറ്റത്. കടിച്ച പാമ്പ് വിഷമുളളതാണോ എന്ന് അംബാലാലിന് തിരിച്ചറിയാന്‍ സാധിച്ചില്ല. അതിനാല്‍ പാമ്പിനെ തല്ലിക്കൊന്ന് കവറിലാക്കി, അതിനെയും കൊണ്ട് ആശുപത്രിയില്‍ എത്തുകയായിരുന്നുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

കടിച്ച പാമ്പ് ഏതാണെന്ന് ഡോക്ടര്‍മാര്‍ ചോദിച്ചപ്പോഴാണ് പാമ്പിനെ സൂക്ഷിച്ചിരുന്ന കവര്‍ അംബാലാല്‍ കാണിച്ചത്. ഇതോടെ ജീവനക്കാര്‍ ഭയം കൊണ്ട് അലറി വിളിക്കുകയും കെട്ടിടത്തില്‍ നിന്ന് പുറത്തേയ്ക്ക് ഓടുകയും ചെയ്തു. പിന്നീടാണ് ചത്ത പാമ്പാണ് കവറില്‍ എന്ന് ജീവനക്കാര്‍ക്ക് മനസിലായത്. ഭാര്യയ്ക്ക് പ്രഥമ ശ്രുശ്രൂഷ നല്‍കി ഉദയ്പൂര്‍ ആശുപത്രിയിലേക്ക് വിദഗ്ദ ചികിത്സയ്ക്കായി മാറ്റിയതായി അംബാലാല്‍ പറഞ്ഞു.

SHARE