അവിഹിത ബന്ധത്തിന് തടസം; മരുമകളും കാമുകനും ചേര്‍ന്ന് അമ്മായിയമ്മയെ പാമ്പിനെകൊണ്ട് കടിപ്പിച്ച് കൊന്നു

ജയ്പൂര്‍: അവിഹിത ബന്ധത്തിന് തടസം നിന്ന അമ്മായി അമ്മയെ കൊലപ്പെടുത്തി മരുമകള്‍. മരുമകളും കാമുകനും ചേര്‍ന്ന് അമ്മായിയമ്മയായ സുബോധ് ദേവിയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചുകൊല്ലുകയായിരുന്നു. രാജസ്ഥാനിലെ ജ്ജുണ്‍ജ്ജുനു ജില്ലയിലെ ഒരു ഗ്രാമത്തിലാണ് സംഭവം. മരുമകള്‍ അല്‍പ്പാനയും സുഹൃത്തായ ജയ്പൂര്‍ സ്വദേശി മനീഷുമാണ് കേസിലെ പ്രതികള്‍.

അല്‍പ്പാനയും മനീഷും അടുപ്പത്തിലായിരുന്നു. ഇതിന് തടസ്സം നിന്നതാണ് അമ്മായിയമ്മയുടെ കൊലപാതകത്തിന് കാരണമായതെന്നാണ് വിവരം. അല്‍പ്പാനയും അമ്മായി അമ്മയും ഒരുമിച്ചാണ് താമസം. അല്‍പ്പാനയുടെ ഭാര്‍ത്താവ് സച്ചിനും, ഭര്‍ത്താവിന്റെ സഹോദരനും പട്ടാളത്തിലാണ്. സുബോധ് ദേവിയുടെ ഭര്‍ത്താവും സൈന്യത്തിലായതിനാല്‍ നാട്ടിലുണ്ടായിരുന്നില്ല. ഇത് ഇവരുടെ ബന്ധം തുടരാന്‍ സഹായകമായി. 2018 ഡിസംബര്‍ 12നായിരുന്നു സച്ചിനും അല്‍പ്പാനയും തമ്മിലുള്ള വിവാഹം. തങ്ങളുടെ പ്രണയത്തിന് അമ്മായി അമ്മ തടസമാകുന്നതിനാല്‍ ഇരുവരും ചേര്‍ന്ന് ഇവരെ കൊല്ലാന്‍ പദ്ധതി തയ്യാറാക്കുകയായിരുന്നു.

2019 ജൂണ്‍ രണ്ടിനായിരുന്നു സുബോധ് ദേവി പാമ്പുകടിയേറ്റ് മരിച്ചത്. മരണത്തില്‍ സംശയം തോന്നിയ കുടുംബാംഗങ്ങള്‍ അല്‍പ്പാനയ്‌ക്കെതിരെ പൊലീസില്‍ പരാതി നല്‍കി. ആവശ്യമായ തെളിവുകളും കൈമാറി. കൂടാതെ അല്‍പ്പാനയുടെയും മനീഷിന്റെയും ഫോണ്‍ നമ്പറുകളും നല്‍കി. സുബോധ് ദേവി കൊല്ലപ്പെട്ട ദിവസം ഇരുവരും തമ്മില്‍ 124 തവണ ഫോണില്‍ വിളിച്ചതായും നിരന്തരം സന്ദേശങ്ങള്‍ കൈമാറിയതായും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. കൊലപാതകവുമായി ബന്ധപ്പെട്ട് അല്‍പ്പാനയെയും കാമുകനെയും ജനുവരി നാലിനാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

SHARE