ക്ലാസ്മുറിയില്‍ വിദ്യാര്‍ഥിനി പാമ്പു കടിയേറ്റ സംഭവം; കുറ്റക്കാര്‍ക്കെതിരെ നടപടി വേണം-എം.എസ്.എഫ്

വയനാട്: സുല്‍ത്താന്‍ ബത്തേരിയില്‍ ക്ലാസ് മുറിയില്‍ വെച്ച് പാമ്പുകടിയേറ്റു വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ പ്രതിഷേധവുമായി എം.എസ്.എഫ്. ക്ലാസ് നടക്കുന്നതിനിടെ ക്ലാസിലെ തന്നെ ഒരു പൊത്തില്‍ നിന്ന് കുട്ടിക്ക് പാമ്പുകടിയേറ്റത് സ്‌കൂളിലെ അടിസ്ഥാന സൗകര്യത്തിന്റെ ഗുരുതരമായ വീഴ്ചയാണെന്ന് എം.എസ്.എഫ് അഭിപ്രായപ്പെട്ടു. പൊതു വിദ്യാഭ്യാസത്തിനും വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനും വലിയ പ്രാധാന്യം നല്‍കുന്നുണ്ട് എന്ന സര്‍ക്കാര്‍ അവകാശ വാദം പൊള്ളയാണെന്നു തെളിയിക്കുന്നതാണ് ഈ സംഭവമെന്നും എം.എസ്.എഫ്.

ഓരോ വര്‍ഷവും അധ്യയന വര്‍ഷം ആരംഭിക്കുന്നതിനു മുന്നെ സ്‌കൂളിലെ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പു വരുത്തേണ്ടത് വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവാദിത്വമാണ്. ആ ഉറപ്പിന്മേല്‍ മാത്രമാണ് വിദ്യാലയങ്ങള്‍ക്ക് ഫിറ്റ്‌നസ് നല്‍കാനാവുക. ഇത്തരം പരിശോധനയില്‍ ഗുരുതരമായ അനാസ്ഥയാണ് വിദ്യാഭ്യാസ വകുപ്പിന്റെ ഭാഗത്തു നിന്നുണ്ടായത്. പൊതു വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ക്കായി വിനിയോഗിക്കേണ്ട പണം എവിടെ ആണ് ചെലവഴിച്ചത് എന്ന് അന്വേഷണ വിധേയമാക്കി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. നമ്മുടെ പിഞ്ചു കുഞ്ഞുങ്ങള്‍ക്ക് ക്ലാസ് മുറിയില്‍ പോലും സുരക്ഷ ഒരുക്കാന്‍ കഴിയാത്ത പിണറായി സര്‍ക്കാരിനെതിരെ പ്രതിഷേധം ഉയരണമെന്നും എം.എസ്.എഫ് ആവശ്യപ്പെട്ടു.

സുല്‍ത്താന്‍ ബത്തേരി സര്‍വ്വജന ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ അഞ്ചാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി പുത്തന്‍കുന്ന് നൊട്ടന്‍ വീട്ടില്‍ അഡ്വ. അസീസിന്റെയും അഡ്വ. സജ്‌ന ആയിഷയുടെയും മകള്‍ ഷഹ്‌ല ഷെറിനാ(8)ണ് മരിച്ചത്.

SHARE