ഷഹലയുടെ പിതാവിനു മേല്‍ കുറ്റം വെച്ചുകെട്ടി സസ്‌പെന്‍ഷനിലായ ഡോക്ടര്‍

ഒരു പറ്റം പേരുടെ ഗുരുതരമായ വീഴ്ചയിലാണ് ഷഹല മണ്ണോടു ചേര്‍ന്നത്. സ്‌കൂളിനകത്ത് ഒരു കുഴി വന്നു എന്നത് ഒന്നാമത്തെ വലിയ വീഴ്ച. ആ കുഴിയുള്ള ക്ലാസിനകത്ത് ചെരിപ്പു ധരിക്കാതെ വേണം കയറേണ്ടത് എന്നത് രണ്ടാമത്തെ വീഴ്ച. അങ്ങനെ കയറിയ കുട്ടികളില്‍ ഒരാള്‍ക്ക് പൊത്തിലുള്ള പാമ്പിന്റെ കടിയേറ്റു. തുടര്‍ന്ന് അധ്യാപകര്‍ ആശുപത്രിയില്‍ കൊണ്ടു പോകുന്നതില്‍ കുറ്റകരമായ അനാസ്ഥ വരുത്തി. ഏറെ വൈകി ആശുപത്രിയിലെത്തിയപ്പോള്‍ ഡോക്ടര്‍ ആന്റി സ്‌നേക്ക് വെനം നല്‍കിയതുമില്ല. തുടര്‍ന്ന് കുട്ടി മരിക്കുന്നു. സ്‌കൂള്‍ ഫിറ്റ്‌നസുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍, നഗരസഭ, ജില്ലാ ഭരണകൂടം, സംസ്ഥാന സര്‍ക്കാര്‍ അങ്ങനെ അങ്ങനെ ഈ മരണത്തിലേക്ക് നയിച്ച വീഴ്ചകള്‍ക്ക് കൈയും കണക്കുമില്ല.

ആശുപത്രിയിലെത്തിക്കാന്‍ കൊണ്ടു പോയ ഓട്ടോ ഡ്രൈവര്‍ കാണിച്ച ജാഗ്രത പോലും ബത്തേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ ജിസാ ജെറിന്‍ ജോയി കാണിച്ചില്ല. അതിന്റെ പേരില്‍ അവരെ സസ്‌പെന്റ് ചെയ്തു. എന്നാല്‍ മരിച്ച ഷഹല ഷെറിന്റെ പിതാവിനെ മറയാക്കി തന്റെ ഭാഗത്തെ വിചിത്രമായി ന്യായീകരിക്കുകയാണ് ഈ ഡോക്ടറിപ്പോള്‍. ഷഹലയുടെ പിതാവ് അനുമതി പത്രം എഴുതിത്തരാന്‍ കൂട്ടാക്കിയില്ല എന്നാണ് ഡോക്ടറുടെ പുതിയ വാദം. മനോരമ ന്യൂസ് ഓണ്‍ലൈനിലാണ് ജിസക്ക് പറയാനുള്ളത് എന്ന തരത്തില്‍ ഇവരുടെ വിശദീകരണത്തിന് ഇടം നല്‍കിയിരിക്കുന്നത്.

വെന്റിലേറ്റര്‍, ആന്റി സ്‌നേക് വെനം, രോഗിയുടെ ആശ്രിതരില്‍ നിന്ന് ഒപ്പിട്ടു വാങ്ങാനുള്ള അനുമതി പത്രം ഇവയൊന്നും ഇല്ലാത്ത ഒന്നാണ് ബത്തേരി താലൂക്ക്് ആശുപത്രിയെന്ന മുഖവുരയോടെയാണ് അഭിമുഖം തുടങ്ങുന്നത്. ഷഹലയുടെ പിതാവ് പറഞ്ഞതെല്ലാം കള്ളമാണ് എന്ന തരത്തിലാണ് ഡോക്ടറുടെ വാദങ്ങള്‍.

മരുന്ന നല്‍കുന്നതിന്റെ റിസ്‌ക് താന്‍ ഏറ്റെടുത്തോളാം എന്നു പറഞ്ഞിട്ടും ഡോക്ടര്‍ വകവെച്ചില്ലെന്നാണ് കുട്ടിയുടെ പിതാവ് പറയുന്നത്. എന്നാല്‍ അനുമതി പത്രം എഴുതിത്തരാന്‍ തയാറായില്ലെന്ന് ഡോക്ടറും പറയുന്നു. കുഞ്ഞിനെ രക്ഷിക്കാന്‍ പറ്റുമോ ഡോക്ടറേ എന്നു ചോദിച്ചപ്പോള്‍ വെന്റിലേറ്റര്‍ ഇല്ലാതെ മരുന്നു മാത്രം നല്‍കി കുഞ്ഞിനെ ഞാന്‍ എങ്ങനെ രക്ഷിക്കും എന്ന മനുഷ്യത്വ വിരുദ്ധമായ വാദവും ഇവര്‍ ഉയര്‍ത്തുന്നുണ്ട്.

കുഞ്ഞിന്റെ അച്ഛന്‍ വേണ്ട വിധം ജാഗ്രത പാലിക്കാതെ വിയര്‍ത്ത് കുളിച്ച് ഓടിക്കൊണ്ടിരിക്കുകയായിരുന്നുവെന്നും ഇവര്‍ അഭിമുഖത്തില്‍ പറയുന്നുണ്ട്. ഒരു ഡോക്ടര്‍ രോഗിയോടോ രോഗിയുടെ ഉറ്റവരോടോ കാണിക്കേണ്ട പ്രാഥമികമായ മര്യാദ കാണിച്ചില്ല എന്നു തെളിയും ഇവരുടെ അഭിമുഖം വായിച്ചാല്‍.

ഡോക്ടറുമായി നടത്തിയ അഭിമുഖത്തില്‍ നിന്ന് ഒരു ഭാഗം

SHARE