കൊല്ലം അഞ്ചലില്‍ ഭാര്യ ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി സൂരജിന് കൂടുതല്‍ പേരുടെ സഹായം ലഭിച്ചിട്ടുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. സാക്ഷിമൊഴികള്‍ക്ക് പുറമേ ശാസ്ത്രീയ തെളിവുകളും ശേഖരിക്കുകയാണ് പൊലീസ്. പ്രദേശത്ത് കാണാത്തയിനം പാമ്പിനെ ഉപയോഗിച്ചാണ് സൂരജ് കൃത്യം നടത്തിയതെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. പാമ്പിനെ കൈമാറിയതിനു സാക്ഷികള്‍ ഉണ്ട്. സൂരജിന് അണലിയെ നല്‍കാന്‍ അംബാസഡര്‍ കാറില്‍ എത്തിയ സുരേഷിനൊപ്പം മൂന്ന് പേര്‍ കൂടി ഉണ്ടായിരുന്നതായി പൊലീസ് സ്ഥിരീകരിച്ചു.
വന്യജീവികളോട് അറപ്പും വെറുപ്പുമാണെന്നായിരുന്നു ആദ്യ മൊഴി. പാമ്പുപിടുത്തക്കാരന്‍ സുരേഷുമായി പൊലീസ് എത്തിയപ്പോള്‍ വീണ്ടും മൊഴി മാറ്റി. സംസ്ഥാനത്തെ പ്രമുഖ പാമ്പ് പിടിത്തക്കാരന്‍ വാവ സുരേഷാണ് കല്ലുവാതുക്കല്‍ സുരേഷിനെ പരിചയപ്പെടുത്തിയെന്നായിരുന്നു സൂരജ് പറഞ്ഞ കളവ്. ഫോണ്‍ രേഖകള്‍ പരിശോധിച്ചപ്പോള്‍ വാവ സുരേഷുമായി ബന്ധമില്ലെന്നു മനസ്സിലായി. പൊലീസ് വാവ സുരേഷുമായി ബന്ധപ്പെട്ടതോടെ സൂരജിന്റെ മൊഴി പൊളിഞ്ഞു.
ഉറക്കത്തില്‍ വിഷപ്പാമ്പിന്റെ കടിയേറ്റാല്‍ ഉണരുമെന്നാണ് ഈ രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്. എന്നാല്‍ ഉത്ര ഉണര്‍ന്നില്ല. 8ന് ഉത്രയെ ആശുപത്രിയിലെത്തിച്ചു മുറിവ് ഡ്രസ് ചെയ്യേണ്ട ദിനമായിരുന്നു. സാധാരണ തലേ ദിവസം വരാറുള്ള സൂരജ് ഒരു ദിവസം മുന്‍പേ എത്തി എല്ലാവര്‍ക്കും ജ്യൂസ് ഉണ്ടാക്കി നല്‍കിയതായി പൊലീസ് സ്ഥിരീകരിച്ചിരുന്നു.
മാര്‍ച്ചിന് രണ്ടിന് രാത്രി 12.45ന് ഉത്രയ്ക്കു കടിയേറ്റെന്നാണ് സൂരജ് നല്‍കിയ മൊഴി. എന്നാല്‍ ഉത്രയെ ആശുപത്രിയില്‍ എത്തിക്കാന്‍ പുലര്‍ച്ചെ 3.30 വരെ എന്തിനു കാത്തുവെന്ന ചോദ്യത്തിനു സൂരജിന് മറുപടിയുണ്ടായില്ല. വെറും 15 മിനിറ്റ് കൊണ്ട് യാത്ര ചെയ്യാവുന്ന സ്ഥലമാണിത്. പിന്നീട് ഉത്രയുടെ സഹോദരനു കൊലപാതകത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ചു. ഇതും പൊളിഞ്ഞു.
സൂരജും ഉത്രയും കിടന്ന എയര്‍ കണ്ടീഷന്‍ ചെയ്ത മുറിയുടെ ജനലിലൂടെ പാമ്പ് എത്തിയെന്ന് പറഞ്ഞെങ്കിലും അതും സ്ഥാപിക്കാന്‍ കഴിഞ്ഞില്ല. ഉത്ര മരിച്ചതിനു ശേഷം അഞ്ചല്‍ പൊലീസ് സൂരജിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. ആ മൊഴി അനുസരിച്ച് ജനാലയ്ക്ക് സമീപം അന്ന് കിടന്നിരുന്നത് സൂരജ് ആയിരുന്നു. അതിനാല്‍ ആദ്യം ഇയാള്‍ക്കായിരിക്കും കടിയേല്‍ക്കുക എന്ന് ചൂണ്ടിക്കാണിച്ചതോടെ മൊഴി തിരുത്തി.
എന്നാല്‍ മയക്കികിടത്തിയതിനു ശേഷമാണോ പാമ്പിനെ കൊണ്ടുവിട്ടതെന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല. തലവേദനയ്‌ക്കെന്ന പേരില്‍ ഉത്രയ്ക്കു താന്‍ ചില മരുന്നുകള്‍ നല്‍കിയതായി സൂരജ് സമ്മതിച്ചു. സൂരജിന്റെ കുടുംബാംഗങ്ങള്‍ക്ക് ഉള്‍പ്പടെ മറ്റ് ചിലര്‍ക്കും കൊലപാതകത്തില്‍ പങ്കുണ്ടെന്ന് ഉത്രയുടെ കുടുംബം ആരോപിക്കുന്ന സാഹചര്യത്തില്‍ സൂരജിന്റെ സഹോദരി ഉള്‍പ്പെടെയുള്ളവരെ പൊലീസ് ചോദ്യം ചെയ്യും.
ഉത്ര മരിച്ചതിന്റെ തലേന്ന് രാത്രി 10.30ന് അമ്മ മണിമേഖല കിടപ്പുമുറിയുടെ ജനാല അടച്ചു കുറ്റിയിട്ടിരുന്നു. എന്നാല്‍ അതു തുറന്നു കിടക്കുകയായിരുന്നെന്നും പുലര്‍ച്ചെ 3നു താനാണു ജനാല അടച്ചതെന്നുമാണു സൂരജ് പറഞ്ഞത്. വിഷപ്പാമ്പിന്റെ കടിയേറ്റാല്‍ കഠിന വേദന, കഴപ്പ്, തരിപ്പ് എന്നിവ അനുഭവപ്പെടും. അല്ലെങ്കില്‍ അബോധാവസ്ഥയില്‍ ആയിരിക്കണം. ഉത്ര നല്ല ഉറക്കത്തിലായിരുന്നു.