സ്വര്‍ണക്കടത്ത് കേസിലെ അന്വേഷണം രാഷ്ട്രീയമായി വഴിതിരിച്ചു വിടാന്‍ ശ്രമം : കെപിഎ മജീദ്

മലപ്പുറം: സ്വര്‍ണകടത്ത് കേസിലെ അന്വേഷണം രാഷ്ട്രീയമായി വഴിതിരിച്ചു വിടാന്‍ ശ്രമം നടക്കുന്നതായി മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ്. കേസിനെ മുസ്ലിംലീഗിന്റെ പേരില്‍ കൂട്ടിക്കെട്ടാനാണ് പലര്‍ക്കും തിടുക്കം. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് പിടിയിലായ ഒരാള്‍ക്കും ലീഗുമായി യാതൊരു ബന്ധവുമില്ല. മലപ്പുറത്ത് നിന്ന് മുസ്‌ലിം പേരുള്ള ഒരാളെ അറസ്റ്റ് ചെയ്താല്‍ അവര്‍ ലീഗും, തീവ്രവാദിയും ആകുന്നു. ഇതിനു പിന്നിലെല്ലാം സി.പി.എമ്മിന്റെ വ്യക്തായ രാഷ്ട്രീയ അജണ്ടയാണ്.

സ്വര്‍ണക്കടത്ത് അന്വെഷണം നടക്കുമ്പോള്‍ നെഞ്ചിടിപ്പ് മുഖ്യമന്ത്രിക്ക് മാത്രമാണ്. സ്പ്രിങ്ക്ലര്‍ ,ഇ മൊബിലിറ്റി, കെ ഫോണ്‍ ഉള്‍പ്പെടെ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ നിരന്തരം ആരോപണമുയര്‍ന്നു. എല്ലാത്തിനും മുഖ്യമന്ത്രിയുടെ മൗനാനുവാദം ലഭിച്ചിട്ടുണ്ട്. സ്വര്‍ണകടത്തിലും മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടതായുള്ള വ്യക്തമായ തെളിവുകള്‍ പുറത്തു വന്നു കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇതിലൊന്നും കൃത്യമായ മറുപടി മുഖ്യമന്ത്രി നല്‍കിയില്ല. ഖ്യമന്ത്രിയുടെ ഓഫീസ്നെതിരെ ഉയര്‍ന്ന് വന്ന ആരോപണങ്ങളില്‍ നിന്ന് മുഖ്യമന്ത്രിക്ക് ഒഴിഞ്ഞു നില്‍ക്കാനാവില്ലെന്നും കെ.പി.എ മജീദ് കൂട്ടി ചേര്‍ത്തു.

സ്വര്‍ണക്കടത്ത് അന്വേഷണം ശരിയായ ദിശയില്‍ നടക്കുന്നു. ഇതിനിടയില്‍ ചിലര്‍ കള്ള കഥകള്‍ ഉണ്ടാക്കി വഴിതിരിച്ചുവിടാന്‍ ശ്രമിക്കുന്നു. സമൂഹ മാധ്യമങ്ങളില്‍ ചില രാഷ്ട്രീയകക്ഷികള്‍ ഇതിനായി കെണിഞ്ഞു ശ്രമിക്കുന്നുണ്ട്. ശിവശങ്കറിന് വലിയ സ്വതന്ത്ര്യവും അധികാരവും മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നു കിട്ടി. ചീഫ് സെക്രട്ടറിക്കും മുകളിലായിരുന്നു ശിവശങ്കറിന്റെ സ്ഥാനം. ശിവ ശങ്കറിന്റെ നിയമനത്തില്‍ തന്നെ ചില ഐഎഎസ് ഉദ്യോഗസ്ഥര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടും ആസ്ഥാനത്തിരുത്തിയതിനു കാരണവും ഇതില്‍ നിന്നും വ്യക്തമാണ്. ശിവശങ്കറിനെ ചോദ്യം ചെയ്തത് തന്നെ അദ്ദേഹത്തെ സസ്‌പെന്റ് ചെയ്യാനുള്ള കാരണമാണ്.
കിറ്റു വിതരണത്തിലൂടെ മന്ത്രി കെ.ടി. ജലീല്‍ കാണിച്ചത് അല്‍പത്തരം. യു.എ.ഇ കോണ്‍സുലേറ്റ് നല്‍കിയ കിറ്റ് സ്വന്തം ഫോട്ടോയും ചിത്രവും വെച്ച് വിതരണം ചെയ്ത തന്നെയാണ് ഇതിലെ ഏറ്റവും വലിയ തമാശ. അഞ്ചു ലക്ഷം രൂപക്ക് വേണ്ടി ഒരു മന്ത്രി ഇത്ര അധപതിക്കരുതായിരുന്നുവെന്നും അദ്ദേഹം ചൂണ്ടികാട്ടി.

SHARE