സ്മൃതി ഇറാനിയുടെ 10, 12 പരീക്ഷാ ഫലം പുറത്തുവിടണമെന്ന് വിവരാവകാശ കമ്മീഷന്‍

സ്മൃതി ഇറാനി

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ 10, 12 ക്ലാസുകളിലെ പരീക്ഷാ ഫലങ്ങള്‍ പുറത്തുവിടാന്‍ കേന്ദ്ര വിവരാവകാശ കമ്മീഷന്‍ സി.ബി.എസ്.ഇക്ക് നിര്‍ദേശം നല്‍കി. പരീക്ഷാഫലം വ്യക്തിപരമാണെന്നും പുറത്തുവിടാനാവില്ലെന്നുമുള്ള സി.ബി.എസ്.ഇയുടെ വിശദീകരണം തള്ളിയാണ് കമ്മീഷന്റെ നിര്‍ദേശം. സി.ബി.എസ്.ഇ രേഖകളിലെ തെരച്ചില്‍ എളുപ്പമാക്കുന്നതിനു വേണ്ടി പരീക്ഷാ റോള്‍ നമ്പര്‍ നല്‍കാന്‍ സ്മൃതി ഇറാനി നേതൃത്വം നല്‍കുന്ന കേന്ദ്ര ടെക്‌സ്റ്റൈല്‍ മന്ത്രാലയത്തോടും അവര്‍ പഠിച്ച ഡല്‍ഹിയിലെ ഹോളി ചൈല്‍ഡ് ഓക്‌സിലിയം സ്‌കൂളിനോടും കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഡിഗ്രി രേഖകള്‍ പരിശോധിക്കാന്‍ ഉത്തരവിട്ടതിന്റെ പേരില്‍ ചുമതലകളില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്ട വിവരാവകാശ കമ്മീഷണര്‍ ശ്രീധര്‍ ആചാര്യുലു ആണ് സ്മൃതി ഇറാനിയുടെ രേഖകള്‍ പരിശോധിക്കാന്‍ ഉത്തരവിട്ടിരിക്കുന്നത്. മാര്‍ക്ക് ഷീറ്റിലെയും അഡ്മിറ്റ് കാര്‍ഡിലെയും വ്യക്തിപരമായ വിശദാംശങ്ങള്‍ ഒഴിച്ചുള്ള രേഖകളുടെ സര്‍ട്ടിഫൈഡ് കോപ്പി അപേക്ഷകന് 60 ദിവസത്തിനുള്ളില്‍ സൗജന്യമായി ലഭ്യമാക്കണമെന്ന് ഉത്തരവില്‍ പറയുന്നു.

ഹോളി ചൈല്‍ഡ് ഓക്‌സിലിയം സ്‌കൂളില്‍ പഠിച്ച സ്മൃതി സുബിന്‍ ഇറാനി സി.ബി.എസ്.ഇ സിലബസില്‍ 1991-ല്‍ പത്താം ക്ലാസും 1992-ല്‍ പന്ത്രണ്ടാം ക്ലാസും പാസായി എന്നാണ് അവരുടെ അവകാശവാദംം. എന്നാല്‍ മുന്‍ ബോളിവുഡ് നടിയായ ഇവര്‍ പരീക്ഷ പാസായിട്ടില്ലെന്നും രേഖകള്‍ കെട്ടിച്ചമച്ചതാണെന്നും ആരോപണമുണ്ട്.

വിവരാവകാശ നിയമപ്രകാരം സ്മൃതി ഇറാനിയുടെ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകള്‍ക്കു വേണ്ടി അപേക്ഷ സമര്‍പ്പിക്കപ്പെട്ടപ്പോള്‍, നല്‍കാനാവില്ലെന്ന മറുപടിയാണ് സി.ബി.എസ്.ഇ നല്‍കിയത്. ഇത്തരം രേഖകള്‍ വ്യക്തിപരമാണെന്ന് സി.ബി.എസ്.ഇ വ്യക്തമാക്കി. സ്മൃതി ഇറാനിയുടെ വിദ്യാഭ്യാസ രേഖകള്‍ അജ്മീര്‍ സി.ബി.എസ്.ഇയിലാണെന്നും ഇവ പൂര്‍ണമായി ഡിജിറ്റലൈസ് ചെയ്യാത്തതിനാല്‍ തെരച്ചില്‍ പ്രായോഗികമല്ലെന്നും സി.ബി.എസ്.ഇ വിശദീകരിച്ചു. തെരച്ചില്‍ എളുപ്പമാക്കുന്നതിനു വേണ്ടി പരീക്ഷാ റോള്‍ നമ്പര്‍ നല്‍കണമെന്നാണ് കമ്മീഷന്‍ ഇപ്പോള്‍ ഉത്തരവിട്ടിരിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 1978-ലെ ഡിഗ്രി രേഖകള്‍ ലഭ്യമാക്കണമെന്ന് എസ്. ആചാര്യുലു ഉത്തരവിട്ടത് കേന്ദ്ര സര്‍ക്കാറിനെ അസ്വസ്ഥരാക്കിയിരുന്നു. ഉത്തരവിറങ്ങി 48 മണിക്കൂറിനകം എച്ച്.ആര്‍.ഡി മന്ത്രാലയവുമായി ബന്ധപ്പെട്ട രേഖകളില്‍ ഉത്തരവിറക്കുന്നതില്‍ നിന്ന് അദ്ദേഹത്തെ ചീഫ് ഇന്‍ഫര്‍മേഷന്‍ കമ്മീഷന്‍ ആര്‍.കെ മാഥുര്‍ മാറ്റിയിരുന്നു. ഇതിനു പിന്നാലെയാണ് സ്മൃതി ഇറാനിയുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച ഉത്തരവും ആചാര്യുലു നല്‍കിയിരിക്കുന്നത്.