‘തനിക്ക് ഡിഗ്രിയില്ല’; തുറന്ന് സമ്മതിച്ച് സ്മൃതി ഇറാനി

ന്യൂഡല്‍ഹി: തനിക്ക് ബിരുദം യോഗ്യതയില്ലെന്ന് തുറന്നുസമ്മതിച്ച് കേന്ദ്ര ടെക്‌സ്‌റ്റൈല്‍സ് മന്ത്രി സ്മൃതി ഇറാനി. അമേഠിയില്‍ രാഹുല്‍ഗാന്ധിക്കെതിരെ മത്സരിക്കുന്ന സ്മൃതി ഇറാനി നാമനിര്‍ദ്ദേശപത്രികക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. നേരത്തെ, കേന്ദ്രനേതാക്കളുടെ വിദ്യാഭ്യാസയോഗ്യത ചര്‍ച്ചയായ സമയങ്ങളില്‍ സ്മൃതി ഇറാനിയുടെ വിദ്യാഭ്യാസയോഗ്യതയും വിവാദമായിരുന്നു.

ഡല്‍ഹി യൂണിവേഴ്‌സിറ്റിക്കു കീഴിലെ സ്‌കൂള്‍ ഓഫ് ഓപ്പണ്‍ ലേണിങ്ങില്‍ നിന്ന് ബി.കോം ഒന്നാംവര്‍ഷം പൂര്‍ത്തിയാക്കിയെങ്കിലും മൂന്നുവര്‍ഷ കോഴ്‌സ് പൂര്‍ത്തിയാക്കിയിട്ടില്ലെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു. ഇതോടെ സ്മൃതി ഇറാനിയുടെ വിദ്യാഭ്യാസ യോഗ്യത പ്ലസ്ടു ആണെന്ന് തെളിയുകയായിരുന്നു.

മാനവവിഭവശേഷി മന്ത്രിയായി സ്മൃതി ഇറാനി ചുമതലയേല്‍ക്കുമ്പോള്‍ ബിരുദമില്ലെന്ന് പ്രതിപക്ഷം ഉയര്‍ത്തിക്കാട്ടിയിരുന്നു. കൂടാതെ വിവിധ തെരഞ്ഞെടുപ്പുകളില്‍ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് വ്യത്യസ്ത സത്യവാങ്മൂലങ്ങളാണ് സ്മൃതി നല്‍കിയിരിക്കുന്നത്. ഇതും പ്രതിപക്ഷം ഉയര്‍ത്തിക്കാട്ടിയിരുന്നു.

പ്ലസ്ടു യോഗ്യതയേ ഉള്ളൂവെന്ന മന്ത്രിയുടെ തുറന്നു പറച്ചിലിനിടെ സ്മൃതി ഇറാനിയുടെ ‘വലംകൈ’ കോണ്‍ഗ്രസില്‍ ചേര്‍ന്നതും മന്ത്രിക്ക് തിരിച്ചടിയായി. അമേത്തിയില്‍ സ്മൃതിയുടെ പ്രധാനപ്പെട്ട സഹായികളിലൊരാളായ രവി ദത്ത് മിശ്രയാണ് കോണ്‍ഗ്രസ്സിലേക്കെത്തിയത്. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അമേത്തിയില്‍ സന്ദര്‍ശനം നടത്തിയ സമയത്ത് തന്നെയാണ് മിശ്ര കോണ്‍ഗ്രസില്‍ ചേര്‍ന്നതെന്നത് ശ്രദ്ധേയമാണ്.

സ്മൃതി ഇറാനിയുടെ അടുത്ത സഹായികളിലൊരാളാണ് രവിദത്ത്. സമൃതി ഇറാനിയെ അമേത്തിയിലേക്ക് കൊണ്ടുവന്നത് മിശ്രയാണെന്ന് പൊതുവെ സംസാരമുണ്ട്. നേരത്തെ, ബി.ജെ.പിയില്‍ എത്തുന്നതിന് മുമ്പ് സമാജ് വാദി പാര്‍ട്ടിയില്‍ മന്ത്രിയായിട്ടുണ്ട് രവിദത്ത്. 2014 ലെ പൊതു തെരഞ്ഞെടുപ്പില്‍ സ്മൃതി ഇറാനിയെ രാഹുല്‍ പരാജയപ്പെടുത്തിയിരുന്നു. എന്നാല്‍ ഇക്കുറിയും സ്മൃതി ഇറാനിയെ തന്നെയാണ് രാഹുല്‍ നേരിടുന്നത്. മെയ് 6 നാണ് അമേഠിയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.

SHARE