300 കോടി സ്മാര്‍ട്ട്‌ഫോണുകളില്‍ സുരക്ഷാ വീഴ്ച്ച; ഹാക്കര്‍മാര്‍ക്ക് വിവരങ്ങള്‍ ചോര്‍ത്താന്‍ എളുപ്പം

ന്യൂയോര്‍ക്ക്: ലോകമെമ്പാടുമായി 300 കോടി ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്‌ഫോണുകളില്‍ സുരക്ഷ വീഴ്ചയുള്ളതായി റിപ്പോര്‍ട്ട്. ക്യൂവല്‍കോം ചിപ്പ് ഉപയോഗിക്കുന്ന സ്മാര്‍ട്ട്‌ഫോണുകളിലാണ് സുരക്ഷാ വീഴ്ചകളുള്ളതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എളുപ്പത്തില്‍ ആക്രമിക്കാന്‍ പാകത്തിലുളള 400 പിഴവുകള്‍ ക്യുവല്‍കോമിന്റെ ഡിജിറ്റല്‍ സിഗ്‌നല്‍ പ്രൊസസ്സറിന് ഉണ്ടെന്നാണ് കണ്ടെത്തല്‍. ചെക്ക് പൊയിന്റ് സെക്യുരിറ്റി റിസര്‍ച്ചാണ് സുരക്ഷാ വീഴ്ച കണ്ടെത്തിയിരിക്കുന്നത്.

ലോകത്തിലെ സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പനയുടെ 40 ശതമാനം ഫോണിലും ഉപയോഗിക്കുന്നത് ക്യൂവല്‍കോം ചിപ്പുകളാണ്. ഇതില്‍ വിവിധ വില നിലവാരത്തിലുള്ള ഫോണുകള്‍ ഉള്‍പ്പെടുന്നു. ഇതില്‍ തന്നെ സാംസങ്ങ്, ഗൂഗിള്‍, എല്‍ജി, ഷവോമി എന്നീ മുന്‍നിര ബ്രാന്റുകളുടെ പ്രിമീയം ഫോണുകളും ഉള്‍പ്പെടുന്നു. ഒരു ഫോണിനെ പ്രവര്‍ത്തനക്ഷമം അല്ലാതാക്കാനുള്ള ശേഷിയും ഒരു ഹാക്കര്‍ക്ക് ഈ സുരക്ഷ പിഴവ് നല്‍കുന്നു. മറ്റൊരു പ്രധാന വെല്ലുവിളി ഈ സുരക്ഷ പിഴവുകള്‍ വഴി ഫോണിലേക്ക് ഹാക്കര്‍ക്ക് മാല്‍വെയര്‍ കടത്തിവിടാന്‍ സാധിക്കും എന്നതാണ്. ഈ മാല്‍വെയര്‍ ഒളിഞ്ഞിരുന്ന് പ്രവര്‍ത്തിക്കുക മാത്രമല്ല ഒരിക്കലും നീക്കം ചെയ്യാന്‍ സാധിക്കാത്ത തരത്തില്‍ സ്ഥാപിക്കാനും സാധിക്കും.

അതേസമയം ഇതുവരെ ഈ സുരക്ഷ പിഴവ് ഉപയോഗപ്പെടുത്തി എന്തെങ്കിലും തരത്തിലുള്ള ചൂഷണം നടന്നതായി അറിവില്ലെന്ന് ചിപ്പ് നിര്‍മ്മാതാക്കളായ ക്യുവല്‍കോം പ്രതികരിച്ചു. ഇത് പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് മൊബൈല്‍ ഫോണ്‍ നിര്‍മ്മാതാക്കളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും എന്നും ക്യുവല്‍കോം വ്യക്തമാക്കി.

SHARE