ദുബൈ എയര്‍പോര്‍ട്ടില്‍ സ്്മാര്‍ട്ട് ടണല്‍ വരുന്നു

 

ദുബൈ: പാസ്‌പോര്‍ട്ടും തിരിച്ചറിയല്‍ രേഖയുമില്ലാതെ ദുബൈ വിമാനത്താവളം വഴി യാത്ര ചെയ്യാന്‍ ഇനി അധികം കാത്തിരിക്കേണ്ട. ദുബൈ എമിഗ്രേഷന്‍ അധികൃതര്‍ ആസൂത്രണം ചെയ്ത സ്മാര്‍ട്ട് ടണല്‍ മെയ് മാസം സജ്ജമാകും. പാസ്‌പോര്‍ട്ടും, രേഖയും കാണിക്കാതെ ദുബൈ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് യാത്ര പുറപ്പെടാന്‍ സഹായിക്കുന്ന സ്മാര്‍ട്ട് ടണല്‍ എമിഗ്രഷന്‍, യാത്രാ നടപടികള്‍ ലളിതമാക്കും.
മെയ് അവസാനത്തോടെ സ്മാര്‍ട് ടണല്‍ ദുബൈ എയര്‍പോര്‍ട്ടില്‍ സ്ഥാപിക്കുമെന്ന് ദുബൈ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ്(ദുബൈ എമിഗ്രേഷന്‍) മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ മറി പറഞ്ഞു. സാധാരണയുള്ള എമിഗ്രേഷന്‍ പരിശോധനക്ക് പകരം വിമാനത്താവളത്തിലെ ഈ സ്മാര്‍ട്ട് തുരങ്കത്തിലുടെ കടന്നുപോയാല്‍ മതി. തുരങ്കം യാത്രക്കാരനെ തിരിച്ചറിഞ്ഞ് എമിഗ്രേഷന്‍ യാത്ര നടപടികള്‍ പൂര്‍ത്തീകരിക്കും.
ആദ്യഘട്ടത്തില്‍ പരീക്ഷണ അടിസ്ഥാനത്തിലാണ് ഇത് സ്ഥാപിക്കുക. ലോകത്ത് ആദ്യമായാണ് ഒരു എയര്‍പോര്‍ട്ടില്‍ പാസ്‌പോര്‍ട്ടും തിരിച്ചറിയല്‍ കാര്‍ഡുമില്ലാതെ യാത്രക്കാരനെ തിരിച്ചറിയുന്ന സംവിധാനം ഏര്‍പ്പെടുത്തുന്നതെന്ന് അല്‍ മറി കൂട്ടിച്ചേര്‍ത്തു.
ഐറീസ് റെക്കഗ്‌നിഷന്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ആളുകളുടെ മുഖം തിരിച്ചറിയുന്ന സംവിധാനമാണ് ഈ സ്മാര്‍ട്ട് തുരങ്കത്തില്‍ ഉണ്ടാകുക. ആളുകള്‍ ഈ സ്മാര്‍ട്ട് പാതയിലൂടെ നടന്ന് അകന്നാല്‍ അവരെ സ്മാര്‍ട്ട് ടണല്‍ തിരിച്ചറിഞ്ഞു പ്രതികരിക്കും. പത്ത് സെക്കന്റാണ് ഈ യാത്രാ നടപടികള്‍ക്ക് എടുക്കുന്ന സമയം. ദുബൈ ട്രേഡ് സെന്ററില്‍ നടക്കുന്ന ദുബൈ ഇന്റര്‍നാഷണല്‍ ഗവണ്‍മെന്റ് അച്ചീവ്‌മെന്റ് എക്‌സിബിഷനിലാണ് ജി ഡി ആര്‍ എഫ് എ ദുബൈ മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് അഹമ്മദ് റാശിദ് അല്‍ മറി ഇത് വെളിപ്പെടുത്തിയത്.
ദുബൈ എമിഗ്രേഷനും എമിറേറ്റ്‌സ് എയര്‍ലൈന്‍സും പരസ്പരം സഹകരിച്ചു കൊണ്ടാണ് ഇത് നടപ്പിലാക്കുക. കഴിഞ്ഞ വര്‍ഷത്തെ ജൈറ്റക്‌സ് ടെക്‌നോളജി വാരത്തിലാണ് ഈ സാങ്കേതിക വിദ്യ ആദ്യമായി ദുബൈ എമിഗ്രേഷന്‍ അവതരിപ്പിച്ചത്.
അതിനിടെ ദുബൈ രാജ്യാന്തര വിമാനതാവളത്തിലൂടെ ഈ വര്‍ഷത്തെ ആദ്യത്തെ മൂന്ന് മാസത്തില്‍ യാത്ര ചെയ്തത് 13.6 മില്യണ്‍ ജനങ്ങളാണെന് അധിക്യതര്‍ വെളിപ്പെടുത്തി.സ്മാര്‍ട്ട് ഗേറ്റ് ഉപയോഗിച്ച് എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിച്ചത് 877074 പോരാണ്. വേള്‍ഡ് ട്രേഡ് സെന്ററില്‍ നടക്കുന്ന ദുബൈ ഇന്റര്‍ നാഷണല്‍ ഗവണ്‍മെന്റ് അച്ചീവ്‌മെന്റ് എക്‌സിബിഷനിലെ ജി ഡി ആര്‍ എഫ് എ യുടെ പവിലിയന്‍ കഴിഞ്ഞ ദിവസം യുഎഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് ആല്‍ മക്തും സന്ദര്‍ശിച്ചിരുന്നു.

SHARE