നാവിക സേനയില്‍ സ്മാര്‍ട്ട് ഫോണും സാമൂഹ്യമാധ്യമങ്ങളും നിരോധിച്ചു

ന്യൂഡല്‍ഹി: ഫെയ്‌സ്ബുക്ക് ഉള്‍പ്പടെയുള്ള സമൂഹ മാധ്യമങ്ങള്‍ക്കും സ്മാര്‍ട്ട് ഫോണിനും വിലക്കേര്‍പ്പെടുത്തി നാവിക സേന. കപ്പലുകളിലും നേവല്‍ ബേസിലും കപ്പല്‍ ശാലകളിലും സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിക്കന്നതിനുമാണ് നാവിക സേന നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. നാവികസേന അംഗങ്ങള്‍ ഉള്‍പ്പെട്ട ചാരവൃത്തി കേസ് എന്‍ ഐ എ അന്വേഷണം തുടങ്ങിയ പശ്ചാത്തലത്തിലാണ് തീരുമാനം.

ശത്രു രാജ്യങ്ങള്‍ വ്യാപകമായ തോതില്‍ ചാരവൃത്തിക്ക് സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്ന സാഹചര്യത്തിലാണ് ഫെയ്‌സ്ബുക്കിന് നാവിക സേന വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഫെയ്‌സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്‌സ് ആപ്പ്, ഇന്‍സ്റ്റാഗ്രാം, മറ്റ് സമൂഹ മാധ്യമ സൈറ്റുകള്‍ എന്നിവയ്ക്കും വിലക്ക് ബാധകമാണ്. ഫെയ്‌സ്ബുക്ക്, വാട്‌സാപ്പ്, ഇന്‍സ്റ്റഗ്രാം എന്നിവ നിരോധിച്ചു കൊണ്ടുള്ള ഉത്തരവ് 27നാണ് പുറപ്പെടുവിച്ചത്.

നാവിക സേനയുടെ യുദ്ധ കപ്പലുകള്‍ ഉള്‍പ്പടെയുള്ള കപ്പലുകളിലും നേവല്‍ ബേസിലും കപ്പല്‍ ശാലകളിലും സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നതിനും നാവിക സേന വിലക്ക് ഏര്‍പെടുത്തിയിട്ടുണ്ട്. നാവിക സേനയില്‍ പ്രവര്‍ത്തിക്കുന്ന സിവിലിയന്‍ സ്റ്റാഫിന് ഉള്‍പ്പടെ ഈ വിലക്ക് ബാധകം ആണ്. പാക്കിസ്താനു വേണ്ടി ചാരവൃത്തി നടത്തിയ ഏഴ് നാവികസേനാ ഉദ്യോഗസ്ഥരെയും ഒരു ഹവാല ഏജന്റിനെയും കഴിഞ്ഞയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ഫെയ്‌സ്ബുക്ക് വഴി നാവിക ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട പാക്കിസ്ഥാന്‍ സ്ത്രീകള്‍ നാവിക സേന ഉദ്യോഗസ്ഥരെ ചാരവൃത്തിയിലേക്കു നയിക്കുകയായിരുന്നു.

SHARE