ഇനിയിവിടെ കോവിഡില്ല, മഹാമാരി മുക്തമെന്ന് പ്രഖ്യാപിച്ച് സ്ലൊവേനിയ- ആദ്യ യൂറോപ്യന്‍ രാഷ്ട്രം

ലണ്ടന്‍: രാജ്യം കോവിഡ് മുക്തമായെന്ന് പ്രഖ്യാപിച്ച് യൂറോപ്യന്‍ രാഷ്ട്രമായ സ്ലൊവേനിയ. തദ്ദേശീയമായ കോവിഡ് വൈറസ് ബാധയില്ലെന്ന സുപ്രധാന പ്രഖ്യാപനമാണ് ഈ ചെറുരാഷ്ട്രം നടത്തിയത്. കോവിഡ് വ്യാപനം സമ്പൂര്‍ണ്ണ നിയന്ത്രണത്തിലാണെന്നും അസാധാരണ ആരോഗ്യ മാനദണ്ഡങ്ങള്‍ ഇനിയാവശ്യമില്ലെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

‘കോവിഡില്‍ ഇന്ന് യൂറോപ്പിലെ ഏറ്റവും മികച്ച അവസ്ഥയിലാണ് സ്ലൊവേനിയയുള്ളത്. അതു കൊണ്ടു തന്നെ രാജ്യം മഹാമാരി മുക്തമാണെന്നു പ്രഖ്യാപിക്കുകയാണ്’ പ്രധാനമന്ത്രി ജാനെസ് ജാന്‍സ പറഞ്ഞു.

മാര്‍ച്ച് നാലിനാണ് രാജ്യത്ത് ആദ്യത്തെ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തത്. അയല്‍രാഷ്ട്രമായ ഇറ്റലിയില്‍ നിന്ന് വന്നയാള്‍ക്കായിരുന്നു വൈറസ് ബാധ. മാര്‍ച്ച് 12 ഓടെ കേസുകള്‍ വര്‍ദ്ധിച്ചു. ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റിയുടെ കണക്കു പ്രകാരം മെയ് 13 വരെ 1467 പോസിറ്റീവ് കേസുകളും 103 മരണങ്ങളുമാണ് രാജ്യത്തുണ്ടായത്. കഴിഞ്ഞ രണ്ടാഴ്ചക്കിടെ 35 പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. വ്യാഴാഴ്ചയാണ് ഏറ്റവും ഒടുവിലത്തെ കേസ് രേഖപ്പെടുത്തിയത്.

മറ്റു യൂറോപ്യന്‍ രാഷ്ട്രങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് രാജ്യത്ത് ക്വാറന്റൈന്‍ വേണ്ട എന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ടാഴ്ചയിലേറെ യൂറോപ്യന്‍ യൂണിയനില്‍ തന്നെ താമസിക്കുന്നവര്‍ ആയിരിക്കണം ഇവര്‍. മറ്റെല്ലാ വിദേശ പൗരന്മാര്‍ക്കും 14 ദിവസത്തെ ക്വാറന്റൈന്‍ നിര്‍ബന്ധമാണ്.

20 ലക്ഷമാണ് സ്ലൊവേനിയയിലെ ജനസംഖ്യ. ഇറ്റലി, ഓസ്ട്രിയ, ഹംഗറി, ക്രോട്ടിയ എന്നീ രാജ്യങ്ങളുമായാണ് ഈ കുഞ്ഞുരാഷ്ട്രം അതിര്‍ത്തി പങ്കിടുന്നത്. അതേസമയം, ഔദ്യോഗിമായി കോവിഡ് ഇല്ല എന്ന പ്രഖ്യാപനം നടത്തി എങ്കിലും രാജ്യത്ത് കോവിഡ് ബാധ ഇപ്പോഴുമുണ്ട് എന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തല്‍.