ഇത് ലോകത്തിന്റെ ഉറക്കം നഷ്ടപ്പെടുത്തുന്ന ദിനങ്ങള്‍; സൂചന നല്‍കി ഗൂഗിള്‍

കോവിഡ് കാലത്ത് ഉറക്കം നഷ്ടപ്പെടുന്നവരുടെ എണ്ണം വര്‍ധിക്കുന്നതായി സൂചിപ്പിച്ച് ഗൂഗിള്‍. നിദ്രാവിഹീനത, ഉറങ്ങാനാവുന്നില്ല എന്നീ വാക്കുകള്‍ തിരയുന്നവരുടെ എണ്ണം ഏപ്രിലില്‍ വര്‍ധിച്ചുവെന്നാണ് ഗൂഗിള്‍ ഡാറ്റ വ്യക്തമാക്കുന്നത്. ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, അയര്‍ലന്റ് എന്നിവിടങ്ങളില്‍ നിന്നാണ് കൂടുതല്‍ തിരച്ചില്‍. ലോക്ക്ഡൗണില്‍ ഒന്നും ചെയ്യാനില്ലാത്തതിനാല്‍ നേരം വെളുക്കുവോളം ഗെയിം കളിച്ചും സമൂഹമാധ്യമങ്ങളില്‍ ചെലവഴിച്ചും സമയം കളയുന്നതു പതിവാക്കിയവരുമുണ്ട്. ഇതെല്ലാം ഉറക്കമില്ലാത്ത രാത്രികള്‍ക്കു കാരണമായിരിക്കാമെന്നു കരുതുന്നു.

ലോകത്ത് പകര്‍ച്ചവ്യാധി ഭീഷണി നിലനില്‍ക്കുന്നത് മനുഷ്യരുടെ ഉറക്കത്തെ ബാധിച്ചേക്കാമെന്നു ഹാര്‍വഡ് ഗവേഷകര്‍ നേരത്തെ സൂചിപ്പിച്ചിരുന്നു. തുടര്‍ച്ചയായി ഉറക്കമില്ലാത്ത രാത്രികള്‍ വ്യക്തികളില്‍ ശാരീരികവും മാനസികവുമായ അസ്വസ്ഥകള്‍ സൃഷ്ടിക്കുമെന്ന മുന്നറിയിപ്പും ഇവരുടെ ജേണല്‍ നല്‍കിയിരുന്നു.നേരത്തെ മെഡിറ്റേഷന്‍ എന്ന വാക്ക് തിരിയുന്നവരുടെ എണ്ണം വര്‍ധിച്ചിതായി ഗൂഗിള്‍ ട്വീറ്റ് ചെയ്തിരുന്നു. കലുഷിതമായ സാഹചര്യത്തില്‍ മെഡിറ്റേഷനിലൂടെ സമാധാനം കണ്ടെത്താനുള്ള ശ്രമമായാണ് ഇതിനെ വിലയിരുത്തിയിരുന്നത്.

SHARE