തിരുവനന്തപുരം: തീവണ്ടിയില്‍ സ്ലീപ്പര്‍ ക്ലാസ് സീറ്റില്‍ ചാഞ്ഞുറങ്ങുന്ന മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ചിത്രം നവമാധ്യമങ്ങളില്‍ വൈറലാകുന്നു. സുരക്ഷാ പരിവാരങ്ങളില്ലാതെ സ്ലീപ്പര്‍ ക്ലാസ് ട്രെയിനില്‍ കിടന്നുറങ്ങുന്ന മുന്മുഖ്യമന്ത്രിയുടെ ജനകീയയാത്ര ദേശീയ മാധ്യമങ്ങളിലടക്കം തരംഗമായിട്ടുണ്ട്.
തിരുവനന്തപുരത്തേക്കള്ള യാത്രാവേളയില്‍ ശബരി എക്സ്പ്രസിലെ സ്ലീപ്പര്‍ കോച്ചില്‍ സീറ്റില്‍ കിടന്നുറങ്ങുന്ന ഉമ്മന്‍ ചാണ്ടിയുടെ ചിത്രമാണ് ഇന്റര്‍നെറ്റില്‍ പരക്കുന്നത്. തിങ്കളാഴ്ച ശബരി എക്സ്പ്രസിന്റെ എസ്-13 കോച്ചിലെ സ്ലീപ്പര്‍ കോച്ചില്‍ കോട്ടയത്തു നിന്ന് തിരുവനന്തപുരത്തേക്കായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ യാത്ര. ഉച്ചയ്ക്ക് ശേഷമുള്ള ട്രെയിനിലായിരുന്നതിനാല്‍ കോച്ചിലെ സഹയാത്രികരോടുള്ള കുശലാന്യേഷണ ശേഷം ക്ഷീണമകറ്റാനായി സീറ്റില്‍ കിടന്നുറങ്ങി. മുന്‍ കേരള മുഖ്യന്റെ ലാളിത്യത്തിന്റെ ചിത്രം സഹയാത്രക്കാരിലൊരാള്‍ പകര്‍ത്തി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി.
This is Kerala Ex CM Shri @Oommen_Chandy travelling in Coach s13 of Sabari xprs from Ktym to TVM without ny security just lyk a common man pic.twitter.com/GshtBiEgnX
— Asif Hameed (@asifgoa) October 10, 2016
എന്നാല്‍ ഇതാദ്യമായല്ല ഉമ്മന്‍ ചാണ്ടി സുരക്ഷാ പരിരക്ഷയില്ലാതെ യാത്ര ചെയ്യുന്നത്. നേരത്തെ, കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് അധികാരം നഷ്ടമായതിന് പിന്നാലെ ബസില്‍ യാത്ര ചെയ്ത ഉമ്മന്‍ ചാണ്ടിയുടെ ചിത്രവും ഏറെ പ്രചരിച്ചിരുന്നു. ട്രെയിന്‍ ടിക്കറ്റ് ലഭിക്കാത്തതിനെ തുടര്‍ന്നായിരുന്നു കൊല്ലത്ത് നിന്നും തിരുവനന്തപുരം വരെ ഉമ്മന്‍ ചാണ്ടി ബസില്‍ സഞ്ചരിച്ചത്. ദീര്‍ഘദൂര ട്രെയിന്‍ യാത്രകളില്‍ താന്‍ സ്ലീപ്പര്‍ ക്ലാസില്‍ സഞ്ചരിക്കാന്‍ താത്പര്യപ്പെടുന്നുവെന്നും ഇത്തരം യാത്രകളില്‍ ജനങ്ങളുമായി കൂടുതല്‍ അടുക്കാന്‍ സാധിക്കുമെന്നുമാണ് മുന്‍മുഖ്യമന്ത്രി അന്ന്് മാധ്യമങ്ങളോട് പ്രതികരിച്ചത്്. പ്രതികരണത്തിന്റെ സത്യ ചിത്രം കൂടിയായാണ് പുതിയ സ്ലീപ്പര്‍ ക്ലാസ് യാത്രയെ അണികള്‍ കാണുന്നത്. വിഐപി പരിഗണന തങ്ങളുടെ അവകാശമാണെന്ന് ധരിക്കുന്ന രാഷ്ട്രീയ നേതാക്കളുടെ ഇടയിലാണ് ഉമ്മന്‍ ചാണ്ടി വ്യത്യസ്തനാകുന്നത്.
ഷാഫി പറമ്പില്‍ അടക്കമുള്ള യുവ എംഎല്‍എമാരും മറ്റും ഉമ്മന്‍ ചാണ്ടിയുടെ യാത്രാ ചിത്രം ഫേസ്ബുക്കിലും ട്വിറ്ററിലുമായി പോ്സ്റ്റ് ചെയ്തു. ലാളിത്യത്തിന്റെ പ്രതിരൂപം, പല്ലു കൊഴിഞ്ഞ സിംഹം, ഗജകേസരിയോഗം എന്നിങ്ങനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്.